| Friday, 26th October 2018, 2:14 pm

ഓര്‍ക്കുക, രാഹുല്‍ ഗാന്ധിയാണ്, അല്ലാതെ രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നെന്നും എന്നാല്‍ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓര്‍ക്കുക, രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വി.ടി ബല്‍റാം മൗനം പാലിക്കുന്നെന്ന വിമര്‍ശനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. വി ടി ബല്‍റാം എവിടെ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്തിരുന്നു.

ശബരിമല വിധിയെ അനൂകൂലിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാം ആദ്യഘട്ടത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് ശബരിമല വിധിക്ക് എതിരായതോടെയാണ് ബല്‍റാം മൗനം പാലിക്കുന്നത് എന്നായിരുന്നു നവമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.

“”വിധി സുപ്രീം കോടതിയുടേതാണ്, അതിനാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ് എന്ന നിലയില്‍ മാത്രമല്ല, ഈ വിധി പുരോഗമനപരവും നീതി സങ്കല്‍പ്പങ്ങളെ കൂടുതല്‍ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടില്‍ത്തന്നെയാണ് അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യുന്നത്.”” എന്നായിരുന്നു കോടതിവിധിയെ സ്വാഗതം ചെയ്ത് വി.ടി ബല്‍റാം ഫേ്‌സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം മുന്‍ നിലപാടില്‍ നിന്ന് മാറി പ്രത്യക്ഷത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരവുമായി രംഗത്തെത്തിയപ്പോള്‍ മുതല്‍ വി ടി ബല്‍റാം നിശ്ശബ്ദനായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു.

പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്.


ശബരിമലയില്‍ വാഹനങ്ങള്‍ തടഞ്ഞ സ്ത്രീകള്‍ക്കെതിരേയും കേസ്; പ്രതികള്‍ ഒളിവില്‍


എന്നാല്‍ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല.

പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്,രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്.

We use cookies to give you the best possible experience. Learn more