| Saturday, 20th June 2015, 10:19 pm

ഭരണവൈകല്യങ്ങളുടെ പേരില്‍ മന്ത്രിയെ വിമര്‍ശിക്കാം, നിലവിളക്കിന്റെ പേരിലാവരുത്: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

rഭരണ വൈകല്യങ്ങളുടെ പേരില്‍ മന്ത്രിയെ വിമര്‍ശിക്കാമെന്നും എന്നാല്‍ അത് നിലവിളക്കിന്റെ പേരിലാവരുതെന്നും എം.എല്‍.എ വി.ടി ബല്‍റാം. മന്ത്രിക്കാണെങ്കില്‍പ്പോലും സ്വന്തം ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത ഏതൊരു കാര്യത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ മറ്റാരോടും കാരണം ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് വഴിയാണ് ബല്‍റാം മന്ത്രിക്ക് പിന്തുണ അറിയിച്ചുകൊണ്ട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.  സ്വന്തമായ വിശ്വാസപരമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ഇത്തരം ആചാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സ്വന്തമായ വിശ്വാസപരമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ഇത്തരം ആചാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ട്. നിലവിളക്ക് കൊളുത്തുന്നതില്‍ മതവിരുദ്ധമായിട്ടൊന്നുമില്ല എന്ന അതേ മതത്തില്‍പ്പെട്ടതോ വേറെ മതത്തില്‍പ്പെട്ടതോ ആയ മറ്റുള്ളവരുടെ വാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല.

മന്ത്രിക്കാണെങ്കില്‍പ്പോലും സ്വന്തം ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത ഏതൊരു കാര്യത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ മറ്റാരോടും കാരണം ബോധിപ്പിക്കേണ്ട കാര്യമില്ല. നിലവിളക്ക് കൊളുത്താന്‍ വിമുഖതയുള്ള മന്ത്രിമാര്‍ തങ്ങളുടെ പരിപാടികളില്‍ നിലവിളക്ക് പാടില്ല എന്ന നിര്‍ബന്ധം സ്വന്തം അധികാരമുപയോഗിച്ച് സംഘാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാത്തിടത്തോളം ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവരുന്നത് തന്നെ അര്‍ത്ഥശൂന്യമാണ്.” ബല്‍റാം പോസ്റ്റില്‍ പറയുന്നു.

നിലവിളക്ക് കൊളുത്തി താന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാറുണ്ടെങ്കിലും അത് വിശ്വാസികള്‍ ചെയ്യുന്നത് പോലെ അല്ലെന്നും ഉദ്ഘാടന വേളയില്‍ പ്രതീകാത്മക മാര്‍ഗങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാല്‍ ഏതെങ്കിലും ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ അധിക്ഷേപിക്കുന്നത് മറ്റൊരാളുടെ അവകാശത്തില്‍ കൈകടത്തുന്നത് ജനാധിപത്യ വിരുദ്ധവുമാണെന്നും ബല്‍റാം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിനെതിരെ നടന്‍ മമ്മൂട്ടി രംഗത്ത് വന്നിരുന്നു. നിലവിളക്ക് കൊളുത്തുന്നത് മതാചാരമല്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഞാന്‍ പല ചടങ്ങുകളിലും നിലവിളക്ക് കൊളുത്താറുണ്ട്. എന്നാല്‍ അത് ആരാധനയുടെ ഭാഗമായി ഭക്തിപൂര്‍വ്വം ചെയ്യാറില്ല. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ചെയ്യുന്നത് പോലെ ചെരുപ്പഴിച്ചിട്ടോ രണ്ട് കയ്യും കൂട്ടിപ്പിടിച്ചോ ഒന്നുമല്ല ഞാന്‍ വിളക്ക് കൊളുത്താറുള്ളത്. ഒറ്റക്കയ്യുപയോഗിച്ചാണു പൊതുവെ വിളക്ക് കൊളുത്താറുള്ളത്. കിഴക്കോ പടിഞ്ഞാറോ എന്നൊന്നും പ്രത്യേകിച്ച് നോക്കാതെ സൗകര്യപ്രദമായ ഒരു തിരി കൊളുത്തും, അത്ര തന്നെ. എന്നെ സംബന്ധിച്ച് റിബ്ബണ്‍ മുറിച്ചോ ഫലകം അനാവരണം ചെയ്‌തോ ഉദ്ഘാടനം ചെയ്യുന്നത് പോലെയുള്ള നിര്‍മ്മമതയോടെയാണു നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചുപോരുന്നത്.

ഒരു ചടങ്ങ് എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിനെ സ്വീകരിക്കാറുണ്ടെങ്കിലും നിലവിളക്കില്ലെങ്കില്‍ ഉദ്ഘാടനമാവില്ല എന്ന തെറ്റിദ്ധാരണയില്ല. അതിനേക്കാള്‍ ഉചിതമായ പ്രതീകാത്മക മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനാണു മുന്‍ഗണന നല്‍കാറുള്ളത്. ഉദാഹരണമായി എന്റെ മണ്ഡലത്തിലെ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത് ഒരു ചെടിക്ക് വെള്ളമൊഴിച്ചുകൊണ്ടും സര്‍ക്കാര്‍ കോളേജിന്റെ ഉദ്ഘാടനം വലിയൊരു പുസ്തകത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയുമാണു നിര്‍വ്വഹിക്കപ്പെട്ടത്.

എന്നാല്‍ സ്വന്തമായ വിശ്വാസപരമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ഇത്തരം ആചാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ട്. അത്തരം കാരണങ്ങള്‍ മതപരം ആവണമെന്ന് പോലും ഇല്ല, തികച്ചും വ്യക്തിപരവും ആകാം. അതുകൊണ്ടുതന്നെ നിലവിളക്ക് കൊളുത്തുന്നതില്‍ മതവിരുദ്ധമായിട്ടൊന്നുമില്ല എന്ന അതേ മതത്തില്‍പ്പെട്ടതോ വേറെ മതത്തില്‍പ്പെട്ടതോ ആയ മറ്റുള്ളവരുടെ വാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. മന്ത്രിക്കാണെങ്കില്‍പ്പോലും സ്വന്തം ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത ഏതൊരു കാര്യത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ മറ്റാരോടും കാരണം ബോധിപ്പിക്കേണ്ട കാര്യമില്ല്‌ല. നിലവിളക്ക് കൊളുത്താന്‍ വിമുഖതയുള്ള മന്ത്രിമാര്‍ തങ്ങളുടെ പരിപാടികളില്‍ നിലവിളക്ക് പാടില്ല എന്ന നിര്‍ബന്ധം സ്വന്തം അധികാരമുപയോഗിച്ച് സംഘാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാത്തിടത്തോളം ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവരുന്നത് തന്നെ അര്‍ത്ഥശൂന്യമാണു. ശാസ്ത്രാഭിമുഖ്യം വളര്‍ത്തേണ്ടത് മൗലിക കര്‍ത്തവ്യമായി നിഷ്‌ക്കര്‍ഷിക്കുന്ന ഒരു ഭരണഘടനയുള്ള നമ്മുടെ നാട്ടില്‍ ഒരു പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്തേണ്ടതിന്റെ അനിവാര്യതയും അത് ചെയ്തില്ലെങ്കിലുള്ള അപകടവും യുക്തിസഹമായി വിശദീകരിക്കേണ്ടത് നിലവിളക്കുവാദികളുടെ ഉത്തരവാദിത്തമാണു, അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മാന്യമായി അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നവരുടേതല്ല.

നിലവിളക്ക് കൊളുത്തുന്നത് ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഭാരതീയാചാരമാണെന്ന അഭിപ്രായവും ചരിത്രപരമായി നോക്കുമ്പോള്‍ അര്‍ത്ഥശൂന്യമാണു. കേരളത്തില്‍ കാണുന്ന തരത്തിലുള്ള നിലവിളക്ക് ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇല്ല എന്നാണറിവ്. കേരളത്തില്‍ത്തന്നെ നിലവിളക്കിനു ഇന്നത്തെപ്പോലുള്ള സ്വീകാര്യത ലഭിച്ചിട്ട് അധികകാലമൊന്നുമായിട്ടില്ല. ഏതാനും ദശാബ്ദങ്ങള്‍ മുന്‍പ് വരെ ഇവിടത്തെ സവര്‍ണ്ണ സമുദായങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്നതാണു നിലവിളക്ക്, അവര്‍ണ്ണര്‍ക്കും ദളിതര്‍ക്കും അതിനുള്ള അവകാശം ജാതിമേല്‍ക്കോയ്മ കൊടികുത്തിവാണ ഈ സമൂഹം പൊതുവില്‍ അനുവദിച്ചിരുന്നില്ല. സവര്‍ണ്ണ ബിംബങ്ങളും പ്രതീകങ്ങളും മാത്രം നമ്മുടെ “സംസ്‌ക്കാര”ത്തിന്റെ ഭാഗമായി പൊതുസ്വീകാര്യത നേടിയതും മറ്റുള്ളവരുടെ തനത് സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ അധമമോ അപരിഷ്‌കൃതമോ ആയി തിരസ്‌കരിക്കപ്പെട്ടതും ഒരുതരം സാംസ്‌ക്കാരികാധിനിവേശത്തിന്റെ ഭാഗമായാണു. അങ്ങനെയാണു കസവുമുണ്ടും ചന്ദനക്കുറിയും തുളസിപ്പൂവുമൊക്കെപ്പോലെ നിലവിളക്കും കേരളീയതയുടെ പ്രതീകമായത്. അറബ് വസ്ത്രമായ പര്‍ദ്ദയും ഉത്തരേന്ത്യയില്‍ നിന്നുള്ള രാഖിയുമൊക്കെ ഇങ്ങനെ മതപരവും മതരാഷ്ട്രീയപരമായ യുക്തികളാല്‍ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടുന്ന സാംസ്‌ക്കാരികാധിനിവേശങ്ങള്‍ തന്നെയാണു. അതൊക്കെ സ്വീകരിക്കാനും തള്ളിക്കളയാനും ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്.

ജനാധിപത്യത്തില്‍ ആരും വിമര്‍ശ്ശനാതീതരല്ല. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സൂപ്പര്‍ താരങ്ങളും സാധാരണ പൗരന്മാരും അടങ്ങുന്ന വ്യക്തികളും മതം, രാഷ്ട്രീയപ്രത്യയശാസ്ത്രം, സാംസ്‌കാരിക സങ്കല്‍പ്പങ്ങള്‍ പോലുള്ള ആശയങ്ങളും ഇത്തരത്തില്‍ വിമര്‍ശ്ശന വിധേയമാണു. എന്നാല്‍ മറ്റുള്ളവരെ വിമര്‍ശ്ശിക്കാന്‍ ഓരോരുത്തരും തെരഞ്ഞെടുക്കുന്ന കാരണങ്ങള്‍ അവരവരുടെ തന്നെ സാമൂഹ്യബോധത്തേയും രാഷ്ട്രീയ വിവേകത്തേയും പ്രതിഫലിപ്പിക്കുന്നുണ്ട്. എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനത്തിലേയും പാഠപുസ്തകവിതരണത്തിലേയും വീഴ്ചകളുടെ പേരില്‍ വിദ്യാഭ്യാസ വകുപ്പിനേയും മന്ത്രിയേയും വിമര്‍ശ്ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഏതെങ്കിലും ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ അധിക്ഷേപിക്കുന്നത് മറ്റൊരാളുടെ അവകാശത്തില്‍ കൈകടത്തലാണു. അത് ജനാധിപത്യ വിരുദ്ധവുമാണു.”

We use cookies to give you the best possible experience. Learn more