| Tuesday, 10th April 2018, 2:25 pm

വി.ടി ബല്‍റാമിനെതിരെ അക്രമമെന്ന് പ്രചാരണം; പ്രചരിപ്പിച്ചത് അമിത വേഗത്തില്‍ വന്ന് പൊലീസുകാരനെ ഇടിച്ച് കണ്ണാടി പൊട്ടിയ ബല്‍റാമിന്റെ വാഹനത്തിന്റെ ചിത്രം; വാഹനം നിര്‍ത്താതെ ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എല്‍.എ വി.ടി ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.ഐ.എം ആക്രമണമെന്ന് പ്രചാരണം. വിവിധ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഫേസ്ബുക്കിലൂടെയും വാട്‌സ് അപ്പിലൂടെയും വ്യാജപ്രചാരണം നടത്തിയത്.

“തൃത്താല കൂടല്ലൂരില്‍ വി ടി ബല്‍റാം എം എല്‍ എക്ക് നേരെ ഊക്കേജി സന്തതികളുടെ അക്രമണം..പ്രതിഷേധിക്കുക” എന്ന കുറിപ്പോടെയാണ് കണ്ണാടി പൊട്ടിയ ബല്‍റാമിന്റെ കാറിന്റെ ചിത്രം ഉള്‍പ്പടെ പ്രചാരണം നടത്തിയത്. ഇടതു വശത്തെ കണ്ണാടി പൂര്‍ണമായും വേര്‍പെട്ട അവസ്ഥയിലുള്ള കാറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

പ്രചാരണത്തിന് പിന്നാലെ തൃത്താല കൂടല്ലൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബല്‍റാമിനെ അക്രമിച്ചെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വ്യാജവാര്‍ത്തക്ക് പിന്നാലെ തൃത്താലയിലെ സി.പി.ഐ.എം അനുഭാവികള്‍ സത്യാവസ്ഥയുമായി രംഗത്തെത്തി. സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിലേക്ക് അമിത വേഗത്തില്‍ ഓടിച്ചു വന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ കാര്‍ പൊലീസുകാരന്റെ ദേഹത്ത് തട്ടിയാണ് കണ്ണാടി നഷ്ടപ്പെട്ടത്. കണ്ണാടി തട്ടി പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ കൂടി നില്‍ക്കുന്നിടത്തേക്ക് വേഗത കുറയ്ക്കാതെ ബല്‍റാമിന്റെ വാഹനം പാഞ്ഞടുക്കുന്നതും. പൊലീസുകാരന്റെ ദേഹത്ത് തട്ടിയിട്ടും നിര്‍ത്താതെ കടന്നു പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്.

We use cookies to give you the best possible experience. Learn more