സൗദി അറേബ്യയോട് അര്‍ജന്റീന ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയും ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
ഖത്തറിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീന- സൗദി അറേബ്യ കളി കാണാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും തത്സമയം ഉണ്ടായിരുന്നു.
ഇരുവരും സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഈ ചിത്രം പങ്കുവെച്ച് ‘ങാ ചുമ്മാതല്ല’ എന്നാണ് ബല്‍റാമിന്റെ പരിഹാസം.
ബല്‍റാമിന്റെ ട്രോളില്‍ അര്‍ജന്റീനയെയും, മെസിയെയും ട്രോളിക്കൊണ്ടും നിരവധി ആളുകളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
അതേസമയം, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ സൗദി അറേബ്യ തളച്ചിട്ടത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പെനാല്‍റ്റിയിലാണ് അര്‍ജന്റീനയുടെ കന്നി ഗോള്‍ പിറന്നത്. ഇതോടെ അര്‍ജന്റീനക്ക് വേണ്ടി നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസി സ്വന്തം പേരിലാക്കി.
പരെഡെസിനെ ബോക്സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാല്‍ട്ടി പാഴാക്കാതെ 10-ാം മിനിറ്റില്‍ മെസി സൗദി ഗോള്‍വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനുള്ളില്‍ തുടരെ രണ്ട് ഗോളുകള്‍ പായിച്ചാണ് സൗദി താരങ്ങള്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. 48-ാം മിനിറ്റില്‍ സാലിഹ് അല്‍ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാമത് ഗോള്‍ നേടി വ്യക്തമായ ലീഡില്‍ ടീമിനെ സുരക്ഷിതമാക്കി.
തുടര്‍ന്നങ്ങോട്ട് സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടേയിരുന്നു. മെസി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി.
എക്സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനുറ്റുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസിയും സംഘവും ഇനി അടുത്ത മത്സരങ്ങളില്‍ നേരിടേണ്ടത്.
Content Highlight: VT Balram Trolls Shafi Parambil and Rahul Mamkootathil After the loss of Argentina in world cup