തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിശാന്തിനേയും ശ്രീചിത്രനുമെതിരെയും വീണ്ടും പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ
ദീപയടിയും ചിത്തിരനടിയും നടത്തുന്നവരെ കെ.എസ്.യുകാരാക്കിയും നവോസ്ഥാന സിംഹങ്ങളെ എസ്.എഫ്.ഐക്കാരാക്കിയുമുള്ള പടം കാണേണ്ടി വരുമല്ലോയെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം.
“”അതല്ല തമാശ, ഒരു പത്ത് വര്‍ഷം കഴിഞ്ഞ് ഒരു മലയാള സിനിമയില്‍ ഈ ദീപയടിയും ചിത്തിരനടിയുമൊക്കെ നടത്തുന്നവരെ കെ.എസ്.യുക്കാരായ കഥാപാത്രങ്ങളാക്കിയും അവരെ പൊളിച്ചടക്കുന്ന ബുദ്ധിജീവി നവോത്ഥാന സിംഹങ്ങളായി എസ്.എഫ്.ഐക്കാരെ ചിത്രീകരിച്ചും അന്നത്തെ ഏതെങ്കിലും നിവിന്‍പോളി/പൃഥ്വിരാജ് നായകനായ ക്യാമ്പസ് പടം കാണേണ്ടി വരുമല്ലോ എന്നോര്‍ത്താ!””- എന്നായിരുന്നു. വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
കവിത മോഷണ വിവാദത്തില്‍പ്പെട്ട എം.ജെ ശ്രീചിത്രനെ ട്രോളി വി.ടി ബല്‍റാം നേരത്തെയും രംഗത്തെത്തിയിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബല്‍റാമിനെ ട്രോളിയെ അതേ നാണയത്തിലായിരുന്നു ശ്രീചിത്രനെയും ബല്‍റാം ട്രോളിയത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടുമായി ബന്ധപ്പെട്ട് ബല്‍റാം ഏറെ നാള്‍ പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെയുള്ള പരിഹാസമെന്നോണം, നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം ബല്‍റാമിന് നല്‍കണമെന്നുണ്ടെന്നായിരുന്നു എന്ന് ശ്രീചിത്രന്‍ കുറിച്ചത്. ഇതിനായിരുന്നു ബല്‍റാം മറുപടി നല്‍കിയത്.
നെഹ്രുവിന്റെ “ഇന്ത്യയെ കണ്ടെത്തല്‍” എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യില്‍ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെല്‍ഫില്‍ അതിരുന്നാല്‍ അതിലെ ഓരോ പേജും നിങ്ങള്‍ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീചിത്രന്‍ നേരത്തെ പരിഹസിച്ച ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ടും ബല്‍റാം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
കവി എസ്. കലേഷിന്റെ കവിത പകര്‍ത്തിയെഴുതി ദീപാ നിഷാന്തിന് നല്‍കിയത് ശ്രീചിത്രനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം കവിത പകര്‍ത്തി എഴുതിയ നല്‍കിയ വ്യക്തിയുടെ പേര് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദീപയുടെ പ്രതികരണം. ഇതിന് പിന്നാലെ ശ്രീചിത്രന്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ശ്രീചിത്രന്‍ തന്നെയാണ് സ്വന്തം കവിതയാണെന്ന പേരില്‍ തനിക്ക് നല്‍കിയതെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ ദീപാ നിശാന്ത് പുറത്തുവിട്ടിരുന്നു.