| Thursday, 18th July 2019, 7:15 pm

എസ്.എഫ്.ഐക്കെതിരെ പാട്ട് പാടി പ്രതിഷേധിച്ച് വി.ടി ബല്‍റാം; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തുന്ന ഉപവാസ സമര പന്തലിലേക്ക് പിന്തുണയര്‍പ്പിച്ച് വി.ടി ബല്‍റാം എം.എല്‍.എ എത്തി. പാട്ട് പാടിയതിന് കുത്തിയ എസ്.എഫ്.ഐ നടപടിക്കെതിരെ എന്ന് ആരോപിച്ച് വി.ടി ബല്‍റാം സമരപന്തലില്‍ നാടന്‍പാട്ട് പാടുകയും ചെയ്തു.

താരകപ്പെണ്ണാളേ എന്ന നാടന്‍പാട്ടാണ് വി.ടി ബല്‍റാം ആലപിച്ചത്. ബല്‍റാമിനോടൊപ്പം കെ.എസ്.യു പ്രവര്‍ത്തകരും പാട്ട് പാടി.

സൗത്ത് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് വി.ടി ബല്‍റാമിനെ പൊലീസ് തടഞ്ഞിരുന്നു. മൂന്ന് മണി മുതല്‍ മാത്രമേ സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബല്‍റാമിനെ തടഞ്ഞത്.

പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബല്‍റാമും പൊലീസുമായി 15 മിനുട്ടോളം വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ എം.എല്‍.എ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് പൊലീസ് ബല്‍റാമിനേയും പേഴ്സണല്‍ സ്റ്റാഫിനെയും അകത്തേക്ക് കയറ്റി വിട്ടു. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് സെക്രട്ടറിയേറ്റ്.

കഴിഞ്ഞ ദിവസം കെ.എസ്.യു സമരപ്പന്തലില്‍ നിന്നും പൊലീസിന്റെ വെട്ടിച്ച് മതിലുചാടി കെ.എസ്.യു പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം എത്തിയിരുന്നു. എന്നാല്‍ ഇവിടെ വെച്ച് പൊലീസ് ഇവരെ പിടികൂടി തിരികെ അയക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more