പാലക്കാട്: ഇസ്‌ലാമും ഇസ്‌ലാമിസവും ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ‘പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളെ ഒറ്റപ്പെടുത്തുക,’ എന്ന തന്റെ പ്രസ്താവനക്ക് വിശദീകരണമായാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാമിന്റെ പ്രതികരണം.
‘ഇസ്‌ലാം’ എന്നത് ലോകമെമ്പാടും നിരവധി മനുഷ്യര്‍ വിശ്വസിക്കുന്ന ഒരു മതത്തിന്റെ പേരാണ്.
ഇസ്‌ലാമില്‍ വിശ്വസിക്കുന്ന മതാനുയായികളെ വിളിക്കുന്നത് ‘മുസ്‌ലിം’ എന്നാണ്.
എന്നാല്‍ ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ട് അതിന്റെയടിസ്ഥാനത്തിലുള്ള മതരാഷ്ട്ര നിര്‍മാണത്തിനാഗ്രഹിക്കുന്നവരെ വിളിക്കുന്ന പേരാണ് ‘ഇസ്‌ലാമിസ്റ്റ്’ എന്നത്.
അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിന്റെ ആ രാഷ്ട്രീയ രൂപത്തേയാണ് ‘ഇസ്‌ലാമിസം’ അഥവാ ‘പൊളിറ്റിക്കല്‍ ഇസ്‌ലാം’ എന്ന് വിവക്ഷിക്കുന്നത്.
അഥവാ മതാനുയായികളായ ‘മുസ്‌ലി’ങ്ങളും മതരാഷ്ട്ര വാദികളായ ‘ഇസ്‌ലാമിസ്റ്റു’കളും ഒന്നല്ല. മുസ്‌ലീങ്ങളാണ് മഹാഭൂരിപക്ഷവും, ഇസ്‌ലാമിസ്റ്റുകള്‍ വളരെ വളരെ കുറവാണ്.
സമാനമായ രീതിയില്‍, ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയില്‍ ‘ഹിന്ദു’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകള്‍ വിശ്വസിക്കുന്ന ഒരു മതത്തെയാണ്.
ആ മതത്തില്‍ വിശ്വസിക്കുകയും അതിന്റേതായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്നതും ‘ഹിന്ദു’ എന്ന വാക്കുകൊണ്ടാണ്. എന്നാല്‍ ഹിന്ദുവിന്റെ പേര് പറഞ്ഞുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ‘ഹിന്ദുത്വ’മെന്നും ബല്‍റാം പറഞ്ഞു.
മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി.ഡി. സവര്‍ക്കറാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. മതം എന്ന് നേരിട്ട് പറയാതെ ‘സംസ്‌ക്കാര’ത്തിന്റെയൊക്കെ പേര് പറഞ്ഞ് കൂടുതല്‍ സ്വീകാര്യത നേടാനുള്ള കൗശലവും ‘ഹിന്ദുത്വ’യ്ക്കുണ്ട്.
ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് ഇന്ത്യയെ ഒരു ‘ഹിന്ദുരാഷ്ട്ര’മാക്കണം എന്നാഗ്രഹിക്കുന്ന മത രാഷ്ട്രവാദികളെയാണ് ‘ഹിന്ദുത്വവാദി’കള്‍ എന്ന് വിളിക്കുന്നത്.
അതായത് ‘ഹിന്ദുമത വിശ്വാസി’യും ‘ഹിന്ദുത്വ വാദി’യും ഒന്നല്ല. ഹിന്ദുക്കളാണ് ഇവിടെ കൂടുതലുള്ളത്, ഹിന്ദുത്വവാദികള്‍ ഇപ്പോഴും കുറച്ച് മാത്രമേയുള്ളൂ.
‘ഹിന്ദുത്വ’ത്തേയും ‘ഇസ്‌ലാമിസ’ത്തേയും എതിര്‍ക്കുന്നു എന്ന് പറയുമ്പോള്‍ മനസിലാക്കേണ്ടത് മേല്‍പ്പറഞ്ഞ അര്‍ത്ഥത്തിലാണ്. രാഷ്ട്രീയ പരികല്‍പ്പനകളിലെ ഈ അര്‍ത്ഥവ്യത്യാസങ്ങള്‍ മനസിലാകാത്ത നിഷ്‌ക്കളങ്കരും മനസ്സിലായിട്ടും മനപൂര്‍വ്വം വളച്ചൊടിക്കുന്ന ദുഷ്ടബുദ്ധികളും ഇവിടെയുണ്ട്. സ്വന്തം നേര്‍ക്കുയരുന്ന വിമര്‍ശനങ്ങളെ ഇങ്ങനെ സാധാരണ മതവിശ്വാസികള്‍ക്കെതിരാണെന്ന മട്ടില്‍ പൊതുവല്‍ക്കരിച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഹിന്ദുത്വവാദികളും ഇസ്‌ലാമിസ്റ്റുകളും എപ്പോഴും പയറ്റുന്നത് എന്നതും കാണേണ്ടതുണ്ട്. ഈ രാജ്യം ‘ഹിന്ദു’ക്കളുടേതാകണം, ‘ഹിന്ദുത്വവാദി’കളുടേതല്ല എന്ന് രാഹുല്‍ ഗാന്ധി ഒരു പ്രസംഗമദ്ധ്യേ പറഞ്ഞപ്പോള്‍ അത് സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനിക്കാന്‍ ഹിന്ദുത്വവാദികളോടൊപ്പം ഇസ്‌ലാമിസ്റ്റുകളും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും ചേര്‍ന്നിരുന്നു എന്നത് ഓര്‍മയില്ലേ? ഈ രാജ്യം മുസ്‌ലീങ്ങളുടേതാണ് ഇസ്‌ലാമിസ്റ്റുകളുടേതല്ല എന്ന് കൂടി ആ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കാമായിരുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ മുഖാമുഖം എതിര്‍ക്കുന്ന ഒരു പോരാട്ടവേദിയായതുകൊണ്ടാവാം അതൊഴിവാക്കപ്പെട്ടത് എന്ന് സാമാന്യമായും മനസിലാക്കാവുന്നതേയുള്ളുവെന്നും ബല്‍റാം വശദീകരിച്ചു.
ഹിന്ദുവായും മുസ്‌ലിമായും ക്രിസ്ത്യാനിയായും മറ്റേതെങ്കിലും മതവിശ്വാസിയായുമൊക്കെ ജീവിക്കാനുള്ള പൂര്‍ണമായ അവകാശം ഭരണഘടനാപരമായിത്തന്നെ ഈ രാജ്യത്തെ ഓരോ പൗരനുമുണ്ട്. മതത്തിന്റെ പേരിലുള്ള ഒരു തരത്തിലുള്ള വിവേചനത്തെയും വേട്ടയാടലിനേയും നാമംഗീകരിക്കുന്നില്ല. എന്നാല്‍ ഈ അവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യങ്ങളുമൊക്കെ ഉറപ്പുവരുത്തപ്പെട്ടത് ഏതെങ്കിലുമൊരു മതത്തിന്റെ സ്വന്തം നിലക്കുള്ള മേന്മയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വിശ്വാസ സ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയുമൊക്കെ അംഗീകരിക്കുന്ന ജനാധിപത്യ, മതേതര ആശയപരിസരത്തില്‍ നിന്നാണ് എന്നത് മറക്കരുത്. ലോകത്തൊരു മതരാഷ്ട്രത്തിലും മത സ്വാതന്ത്ര്യമില്ല, അഥവാ ഇതരമതങ്ങള്‍ക്ക് രാഷ്ട്രമതത്തിന് തുല്യമായ പരിഗണന ലഭിക്കില്ല. അതായത് ഇന്ത്യയിലെ മതസ്വാതന്ത്ര്യമെന്നത് നമ്മുടെ മതേതര ഭരണഘടനയുടേയും അതിനാധാരമായ തരത്തില്‍ സ്വാതന്ത്ര്യ സമരകാലത്ത് രുപപ്പെട്ടുവന്ന മതേതര ദേശീയതാ സങ്കല്‍പ്പങ്ങളുടേയും സംഭാവനയാണെന്നും ബല്‍റാം പറഞ്ഞു.
മത വിശ്വാസങ്ങളുടെ ഓരോന്നിന്റേയും മെറിറ്റിലേക്ക് കടന്ന് അംഗീകാരം നല്‍കുകയല്ല നമ്മുടെ ദേശീയത ചെയ്യുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദോഷമാവാത്ത തരത്തിലാണെങ്കില്‍ വിശ്വാസങ്ങള്‍ അത് എന്തു തന്നെയാണെങ്കിലും പരസ്പരം അംഗീകരിച്ച് സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
അതുകൊണ്ടുതന്നെ മതമാണോ മതേതരത്വമാണോ പ്രധാനം എന്ന ചോദ്യമുയരുമ്പോള്‍ മതേതരത്വത്തിനൊപ്പമാണ് വിവേകശാലികള്‍ക്ക് നില്‍ക്കാന്‍ സാധിക്കുക. അതുപോലെത്തന്നെ ഹിന്ദുത്വവാദികളേയും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കളേയും രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നതും ആ പേര് പറഞ്ഞുവരുന്ന ക്രിമിനലുകളെ നിയമപരമായി അടിച്ചമര്‍ത്തണമെന്നതും മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഒരു സ്ഥിരം നിലപാടാണ്, ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമുള്ളതല്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.