| Saturday, 22nd January 2022, 3:55 pm

'മരണ വ്യാപാരി അസോസിയേഷന്റെ സമ്മേളനങ്ങളൊക്കെ മാറ്റി, ഇനി ഇനി വീട്ടിലിരി_____ടൈപ്പിലുള്ള ഉപദേശമായിരിക്കും, അതാണ് സഹിക്കാന്‍ പറ്റാത്തത്: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം ജല്ലാ സമ്മേളനങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ച ബുദ്ധി ആശ്വാസം നല്‍കുന്നതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

ഇനി ബാക്കിയെല്ലാവരോടുമുള്ള പാര്‍ട്ടിക്കാരുടെ ഉപദേശങ്ങളായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി എന്ന വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസര്‍കോഡിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്‌സ്യൂളുമായി സമ്മേളനം നടത്തിയവര്‍ക്ക് ഇപ്പോഴെങ്കിലും അല്‍പ്പം നല്ല ബുദ്ധി തോന്നിയതില്‍ ആശ്വാസം.

പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും.
അത് ചെയ്യരുത്, ഇത് ചെയ്യരുത്, വീട്ടിലിരി______, ഇന്നേവരെ വാ തുറക്കാതെ കുന്തം വിഴുങ്ങിയിരുന്നവനൊക്കെ ഗുണദോഷിക്കാനും ആജ്ഞാപിക്കാനും വരും.
അതൊക്കെയാണ് സഹിക്കാന്‍ പറ്റാത്തത്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴ സി.പി.ഐ.എം ജില്ലാ സമ്മേളനം മാറ്റിവച്ചത്. 28, 29, 30 എന്നീ തീയതികളില്‍ നടത്തേണ്ടിയിരുന്ന സമ്മേളനങ്ങളാണ് മാറ്റിവച്ചത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കാസര്‍കോട് സി.പി.ഐ.എം ജില്ലാ സമ്മേളനം ഒറ്റ ദിവസത്തേക്ക് വെട്ടിച്ചുരുക്കാന്‍ സി.പി.ഐ.എം നിര്‍ബന്ധിതമായിരുന്നു. കൂടാതെ തൃശൂര്‍ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

നേരത്തെ കൊവിഡ് രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ച സി പി എം വെട്ടിലായിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെയാണ് കാസര്‍കോടും തൃശൂരും ആദ്യം തീരുമാനിച്ച പ്രകാരം സമ്മേളനവുമായി സി.പി.ഐ.എം മുന്നോട്ടു പോയത്. എന്നാല്‍ കോടതി വിധി എത്തിയതോടെ സി.പി.ഐ.എം സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more