തിരുവനന്തപുരം: എ.കെ.ജി സെന്ററര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയെ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വി.ടി. ബല്‍റാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബല്‍റാം എന്നാല്‍ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വി.ടി. ബല്‍റാം ആരോപിച്ചു.
എ.കെ.ജി സെന്റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എ.കെ.ജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്‌കൂട്ടറില്ല, മറ്റ് ബന്ധങ്ങളുമില്ല. അറസ്റ്റ് നാടകമാണ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് കസ്റ്റഡിയിലായത്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവില്‍ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്ത് വരികയാണ്.
കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്‍കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
ജൂണ്‍ 30ന് അര്‍ധരാത്രിയായിരുന്നു എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
പരിശോധിച്ച സി.സി.ടി.വി ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു.
പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചിരുന്നു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.
സംഭവത്തിന് പിന്നാലെ എ.കെ.ജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി.പി.ഐ.എം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Content Highlight: VT Balram’s Response on the custody of Youth Congress worker in AKG Center Attack case