| Saturday, 5th November 2022, 12:18 pm

ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ലിത്, ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കണം; കത്ത് വിവാദത്തില്‍ വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇതെന്നും, ഇത് ഗുരുതരമായ അഴിമതിയാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും, ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണമെന്നും വി.ടി. ബല്‍റാം പറഞ്ഞു.

മേയറെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണമെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോര്‍പറേഷനിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുകൊണ്ട് മേയര്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ആണ് വിവാദമായത്.

എന്നാല്‍, ഇങ്ങനെയൊരു കത്ത് കയ്യില്‍ കിട്ടിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കണമോ എന്ന് മേയറുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്കാണ് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

മേയറുടെ കത്ത് ചില സി.പി.ഐ.എം നേതാക്കളുടെ വാട്‌സആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായതെന്നാണ് വിവരം. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇത്. സി.പി.ഐ.എമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല.

ഇത് ഗുരുതരമായ അഴിമതിയാണ്.
ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്.
സത്യപ്രതിജ്ഞാ ലംഘനമാണ്.
ജനങ്ങളോടുള്ള വഞ്ചനയാണ്.

ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണം.

ആര്യ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണം.

Content Highlight: VT Balram’s reaction against Mayor Arya Rajendran over Letter Controversy

We use cookies to give you the best possible experience. Learn more