| Sunday, 21st November 2021, 12:18 pm

'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു,'; എം.ബി. രാജേഷിനെതിരെ വി.ടി. ബല്‍റാമിന്റെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷിനെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രാജേഷിന്റെ പോസ്റ്റിന് പിന്നാലെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

‘ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു,’ എന്നാണ് ബല്‍റാമിന്റെ പോസ്റ്റ്.

ബല്‍റാമുമായി അടുത്ത സൗഹൃദം മുന്‍പും ഇല്ല എന്ന രാജേഷിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് ബല്‍റാം പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍, രാജേഷിനെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. സ്‌ക്രീന്‍ഷോര്‍ട്ടിലും രാജേഷിന്റെ പേര് കാണാന്‍ ഇല്ല.

തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന വി.ടി. ബല്‍റാമുമായി അടുത്ത സൗഹൃദം മുന്‍പും ഇല്ല എന്നാണ് എം.ബി. രാജേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. വ്യക്തിപരമായ തലത്തിലേക്ക് മത്സരം എത്തിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച താനും വി.കെ. ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണെന്നും രാജേഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയായിരുന്നു, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജേഷ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം പങ്കിട്ടത്.
പൗരത്വ പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്ത അനുരാഗ് താക്കുറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രാജേഷിന്റെ പോസ്റ്റിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

” കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല,” എന്നാണ് രാജേഷ് എഴുതിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: VT Balram’s Fb post against MB. Rajesh MP

We use cookies to give you the best possible experience. Learn more