'അവര്‍ ചീള് കേസുകളൊന്നും എടുക്കില്ല, ഒണ്‍ലി ടോപ് ക്ലാസ്'; ആമസോണ്‍ വിഷയത്തിലെ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ പരിഹസിച്ച് വി.ടി ബല്‍റാം
Kerala News
'അവര്‍ ചീള് കേസുകളൊന്നും എടുക്കില്ല, ഒണ്‍ലി ടോപ് ക്ലാസ്'; ആമസോണ്‍ വിഷയത്തിലെ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ പരിഹസിച്ച് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2019, 7:01 pm

കോഴിക്കോട്: ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കക്കാടംപൊയിലിലെ അനധികൃത തടയണ അടക്കമുള്ള വിഷയങ്ങളില്‍ ഡി.വൈ.എഫ്.ഐ സമരം നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസരൂപേണ ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തനിക്ക് ഡിഫിയെയാണിഷ്ടമെന്നു പറഞ്ഞ ബല്‍റാം, കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും അവര്‍ എടുക്കില്ലെന്നും ബല്‍റാം പരിഹസിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തുന്നതിന്റെ ചിത്രം ഡി.വൈ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും ബല്‍റാം തന്റെ പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല.

ഒണ്‍ലി ടോപ് ക്ലാസ്
ട്രൂലി ഇന്റര്‍നാഷണല്‍.