പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ വിയോജിപ്പുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല. അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെയെന്നും വി.ടി. ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
‘സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല,
സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ രീതിയില്‍ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്.
അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!,’ വി.ടി. ബല്‍റാം പറഞ്ഞു.
എന്നാല്‍, മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് അനുകൂലിച്ചു. മുന്നാക്ക സംവരണ വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപെടരുത്. ഇത് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കെ. സുധാകന്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധി ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചത്. വിധി ജനാഭിലാഷത്തിന്റെ പ്രതിഫലനമാണെന്നും, ബില്ലിനെ പിന്തുണച്ച പ്രതിനിധി എന്ന നിലയില്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം കൊടുക്കുന്നതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ വിധി നിരാശയുണ്ടാക്കുന്നതാണെയിരുന്നു മുസ്‌ലിം ലീഗിന്റെ പ്രതികരണം. മോദിയുടെ നിലപാടിന്റെ വിജയമെന്നാണ് ബി.ജെ.പി പ്രതികരണം.
എന്‍.എസ്.എസും വിധിയെ സ്വാഗതം ചെയ്തു. കാലങ്ങളായി ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.
അതേസമയം, തിങ്കളാഴ്ച രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.
മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.
നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.