| Thursday, 28th November 2024, 10:48 am

ടര്‍ക്കിഷ് തര്‍ക്കം; പൊളിഞ്ഞ സിനിമയെ രക്ഷിക്കാന്‍ മതനിന്ദാ വിവാദം മനപ്പൂര്‍വം സൃഷ്ടിച്ചതോ? വി.ടി. ബല്‍റാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇസ്ലാമോഫോബിയയെ സിനിമാക്കാരും കച്ചവട താത്പര്യങ്ങള്‍ക്കായുള്ള ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം. മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ടെന്നും ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുന്നുവെന്നും മതനിന്ദ നടത്തിയെന്ന ആരോപണത്തത്തുടര്‍ന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് ഇതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

എന്നാല്‍ ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ലെന്നും അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായി അറിഞ്ഞില്ലെന്നും വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സിനിമയില്‍ ‘മതനിന്ദ’ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിയേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

സണ്ണി വെയിന്‍, ലുക്ക്മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഒന്നിച്ച ചിത്രമാണ് ‘ടര്‍ക്കിഷ് തര്‍ക്കം’. മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ‘ടര്‍ക്കിഷ് തര്‍ക്കം’ പറയുന്നത്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ ‘മതനിന്ദ’ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മാതാവിനേയോ ‘ഭീഷണിപ്പെടുത്തി’യതിന്റെ പേരില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പൊലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ, അതില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല.

ഏതായാലും സംഘ പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.
തിയേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കില്‍ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

അങ്ങനെയാണെങ്കില്‍ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്. ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല.

Content Highlight: VT Balram’s Facebook Post Against Withdrawn Of Turkish Tharkkam

Latest Stories

We use cookies to give you the best possible experience. Learn more