പാലക്കാട്: ന്നാ താന്‍ കേസ് കൊട് സിനിമാ പോസ്റ്റര്‍ വിവാദത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നുവെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണെന്നും വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്.
അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെ റോഡിലെ പാതയിലെ കുഴികള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ റോഡിലെ കുഴിയെ പറ്റിയുള്ള പരാമര്‍ശമുണ്ടായത്.
കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. നിയമ പ്രശ്നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ കഥ ആക്ഷേപഹാസ്യ ശൈലിയില്‍ ഒരുക്കിയിരിക്കുകയാണ് ചിത്രം.
‘ഞങ്ങടെ നാട്ടില്‍ തീയേറ്ററിലേക്ക് പോകുന്ന വഴിക്കൊന്നും കുഴിയില്ല. തീയറ്ററില്‍ പോയി കാണാം എന്ന് കരുതിയതുമാണ്. പക്ഷെ റോഡിലൊക്കെ വേറെ വണ്ടികളൊക്കെ പോകുന്നത് അല്ലേ, അതോണ്ട് റിസ്‌ക് എടുക്കുന്നില്ല.
സിനിമ ഒ.ടി.ടിയില്‍ വന്നാല്‍ കാണാം.’
‘വഴിയില്‍ കുഴികളുണ്ടോ വല്ല്യകാര്യമായിപോയി …’ന്നാ താന്‍ കേസ് കൊട്’??’
‘പോരാളി ഷാജിമാര്‍ സിനിമ ബഹിഷ്‌കരിക്കും.
സൂക്ഷിച്ചു ട്രോളിക്കോ ബോബാ….’
‘താനൊക്കെ ഇരട്ടച്ചങ്കന്റെ കേരളത്തില്‍ ആണ് ജീവിക്കുന്നത് എന്ന് ഓര്‍മ വേണം.. തന്റെ സിനിമ കേരളത്തിലെ 50 ലക്ഷം വരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ അത് താങ്ങില്ല..’ തുടങ്ങിയ കമന്റുകളാണ് സിനിമയുടെ പോസ്റ്ററിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വരുന്നത്
Content Highlight: VT Balram’s Facebook Post about Nna than case kodu movie poster Controversy