തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ച വാര്‍ത്തയും, ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കുമെന്ന വാര്‍ത്തയും പങ്കുവെച്ചായിരുന്നു പ്രതികരണം. സ്വാഭാവികം എന്ന തലക്കെട്ടോടെയാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നുമാണ് ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് 30 മുതല്‍ സെപറ്റംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് ക്ഷണിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.
അതേസമയം, നെഹ്റു ട്രോഫി വള്ളം കളിയുടെ ട്രാക്കിന്റെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പ് ശനിയാഴ്ച്ച ഉച്ചയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ ക്യാപ്റ്റന്‍സ് ക്ലിനിക്ക് നടത്തും. യോഗത്തില്‍ വള്ളം കളിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമാവലികളും ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കും. 22 വള്ളങ്ങളാണ് ഇത്തവണ ചുണ്ടന്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്.
സെപ്റ്റംബര്‍ നാലിന് തന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നതിനാല്‍ നിയമ നടപടികള്‍ കര്‍ശനമായിരിക്കും. വള്ളംകളി പൂര്‍ത്തിയാക്കുന്നതിലും കൃത്യമായ സമയക്രമം പാലിക്കണം. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ക്ലബ്ബുകള്‍ നടപടി നേരിടേണ്ടി വരും. വള്ളംകളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം അവസരവും ഒരുക്കുന്നുണ്ട്.
Content Highlight: VT Balram’s Facebook Post About CM invites Amit Shah for Nehru Trophy