| Friday, 4th February 2022, 4:28 pm

വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ 'കാരണഭൂത'ന് നൂറു കോടി അഭിവാദ്യങ്ങള്‍; പരിഹാസവുമായി വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് : വിദേശത്തുനിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ബന്ധപ്പെടുത്തി പരിഹാസവുമായി മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം.

ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള ‘കാരണഭൂതന്‍’ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് അദ്ദേഹം പറയുന്നത്.

‘വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍,’ ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, സംസ്ഥാനത്ത് വിദേശത്തുനിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കൊവിഡ് അവലോകന യോഗത്തിന്റെ തീരുമാനം.

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചത്.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്ക് ആവശ്യമുള്ളൂ.

അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.

എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല.

പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു.

CONTENT HIGHLIGHTS:  VT Balram’s comment on the decision to waive the quarantine of those coming from abroad

We use cookies to give you the best possible experience. Learn more