| Thursday, 1st September 2016, 9:45 pm

ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എപ്പോഴും സഹിച്ചുകൊള്ളണമെന്നില്ല; അബുവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസില്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ബല്‍റാം പറഞ്ഞു.


തിരുവനന്തപുരം: മുട്ടയില്‍ നിന്ന് പിരിയുന്നതിന് മുന്‍പേ സൗഭാഗ്യം ലഭിച്ചയാളാണെന്ന കോണ്‍ഗ്രസ് നേതാവ് കെ.സി അബുവിന്റെ പ്രസ്താവനക്ക്  മറുപടിയുമായി വി.ടി ബല്‍റാം.

മുട്ടയില്‍ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകുമെന്നും ബല്‍റാം ഫേസ്ബുക്കിലൂടെ മറുപടി നല്‍കി.

ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്ടാണോ പാര്‍ട്ടിയെ തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ് തന്നെ വര്‍ഷങ്ങളായി ജില്ലാ അധ്യക്ഷപദവിയില്‍ തുടരുന്നതെന്നും ബല്‍റാം പരിഹസിച്ചു.

ഇതിന് കോഴിക്കോട്ടെ ചെറുപ്പക്കാര്‍ മറുപടി പറയുമെന്നും ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസില്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ബല്‍റാം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തത് കൊണ്ട് പുതിയ തലമുറക്ക് അവസരം ലഭിക്കുന്നില്ലെന്ന വി.ടി ബല്‍റാമിന്റെ പ്രസ്താവനക്കെതിരെയാണ് കെ.സി അബു രംഗത്തെത്തിയിരുന്നത്. തിരുവനന്തപുരത്ത് നടന്ന കെ.എസ്.യു യോഗത്തിലായിരുന്നു ബല്‍റാമിന്റെ പ്രസ്താവന.

ആനപ്പുറത്തിരുന്നവന്റെ അഭിപ്രായമാണ് ബല്‍റാമിന്റേതെന്നും പുതിയ തലമുറ വളര്‍ന്നുവരാത്തത് കൊണ്ടാണ് പഴയ തലമുറ മാറത്തതെന്നും അബു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more