തിരുവനന്തപുരം: കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഇട്ടിരുന്ന പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സി.പിഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കൊണ്ടായിരുന്നു വി.ടിയുടെ പോസ്റ്റ്.
ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും നടുവിലായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ട് ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെയും തൊലിക്കട്ടി’എന്നായിരുന്നു വി.ടി. ബല്‍റാം പോസ്റ്റിട്ടിരുന്നത്.
പോസ്റ്റിനടിയില്‍ വി.ടിയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വന്നിരുന്നത്. പ്രതിപക്ഷ ഐക്യത്തിന് കാരണമായ ഒരു വേദിയെ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നുതന്നെ വിമര്‍ശനമുയരുന്നതായിരുന്നു ആളുകള്‍ ഉന്നയിച്ചത്. ഇതിനിടയില്‍ വി.ടി ഇട്ടിരുന്ന ക്യാപ്ഷന്‍ വെച്ച് സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും നടുവിലായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ഫോട്ടോ വെച്ചുള്ള ട്രോളുകളും വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ബല്‍റാം പോസ്റ്റ് പിന്‍വലിച്ചത്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഇത് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശദീകരണ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഐഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഐഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.
Contenthighlight: VT Balram removed his post after criticism arised