| Friday, 14th August 2020, 8:43 pm

കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കാന്‍ കൊവിഡ് രോഗികള്‍ കുറ്റവാളികളോ?; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്നും വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുറ്റവാളികളെ നേരിടാനുപയോഗിക്കുന്ന നിയമങ്ങളും അതിലെ പഴുതുകളും കൊവിഡ് രോഗികള്‍ക്കുമേല്‍ പ്രയോഗിക്കുന്നതെന്തിനെന്ന് എം.എല്‍.എ വിടി ബല്‍റാം. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ രോഗികളുടെ കോള്‍ ഡീറ്റെയില്‍സ് പൊലീസ് ശേഖരിക്കുന്നുണ്ടെന്ന വിവാദത്തിന് പിന്നാലെയാണ് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ രോഗികളായവരുടെ കോള്‍ ഡീറ്റെയില്‍സ് തോന്നിയ പോലെ ശേഖരിക്കാന്‍ നിയമ പ്രകാരം പൊലീസിനോ സര്‍ക്കാരിനോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കോള്‍ ഡീറ്റെയ്ല്‍സ് പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക, നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇതര രാജ്യങ്ങളുമായി സുഹൃദ്ബന്ധം നിലനിര്‍ത്തുക, ക്രമസമാധാനം നിലനിര്‍ത്തുക, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനെ തടയുക എന്നിങ്ങനെയുള്ള ഗുരുതരമായ കാര്യങ്ങള്‍ക്കായാണ് സി.ഡി.ആര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ക്കായാലും നിയമപരമായി അനുവാദമുള്ളൂ.

കോവിഡ് രോഗം ആ നിലയിലുള്ള ഒരു കുറ്റകൃത്യമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. കോവിഡ് എന്നല്ല ഒരു രോഗവും കുറ്റകൃത്യമാണെന്ന് ആധുനിക ലോകത്ത് ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി നടപ്പില്‍ വരുത്തിയ എപ്പിഡമിക് നിയമപ്രകാരവും കേവലം രോഗിയായ ഒരാളെ കുറ്റവാളിയായി മുദ്രകുത്താനാകില്ല. ഒരാള്‍ മനപൂര്‍വ്വം രോഗം പരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാത്രമേ അയാളെ സംശയത്തിന്റെ ദൃഷ്ടിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അപ്പോള്‍പ്പിന്നെ എന്തടിസ്ഥാനത്തിലാണ് കുറ്റവാളികളെ നേരിടാനുപയോഗിക്കുന്ന നിയമങ്ങളും അതിലെ പഴുതുകളും ഈയൊരു സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല,’ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പറഞ്ഞു.

സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ ഉപയോഗിക്കുന്ന നമ്പറുകള്‍ പലതും വീട്ടിലെ പുരുഷന്മാരുടെ പേരില്‍ ആയിരിക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പേര് നോക്കി കോള്‍ ഡീറ്റയില്‍സ് എടുക്കാന്‍ തുടങ്ങിയാല്‍ പലരുടേയും വ്യക്തിപരമായ സ്വകാര്യതകളിലേക്കായിരിക്കും പോലീസ് കണ്ണ് ഒളിഞ്ഞുനോട്ടം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.ആര്‍.പി.സി സെക്ഷന്‍ 92, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് സെക്ഷന്‍ 5(2), ഇന്ത്യന്‍ ടെലിഗ്രാഫ് ഭേദഗതി ചട്ടം 419 (അ) എന്നിവയുടെ ഒക്കെ അടിസ്ഥാനത്തില്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് മാത്രമേ ഏതെങ്കിലും വ്യക്തിയുടേയോ വിഭാഗങ്ങളുടേയോ കോള്‍ വിവരങ്ങള്‍ എടുക്കാന്‍ അനുവാദമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രത്തിലേയോ സംസ്ഥാനങ്ങളിലേയോ ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി നേടാന്‍ കഴിയാതെ വന്നാല്‍ നിയമ പരിപാലന ഏജന്‍സിയുടെ തലവന്റെയോ തൊട്ട് താഴെയുള്ളയാളുടേയോ അനുമതിയോടെ വിവരശേഖരണം നടത്താവുന്നതാണെന്ന് ചട്ടങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മൂന്ന് ദിവസത്തിനകം ഉചിതമായ അധികാര കേന്ദ്രത്തെ അറിയിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ അനുമതി നേടിയെടുക്കുകയും വേണം,’ വി.ടി ബല്‍റാം പറഞ്ഞു.

ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പ്രകാരം സി.ഡി.ആര്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും ഇതിന് ആഭ്യന്തര സെക്രട്ടറിയുടെ ഔദ്യോഗികാനുമതി ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും ബല്‍റാം പറയുന്നു.

അസാധാരണ കാലഘട്ടങ്ങളിലെ അസാധാരണ നടപടികള്‍ എന്നതാണ് ഇത്തരം ഓരോ നീക്കത്തിനും സര്‍ക്കാര്‍ നല്‍കുന്ന ഏക നീതീകരണം. എന്നാല്‍ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനും ഇതുപോലുള്ള ന്യായങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് അനുവദിച്ചു നല്‍കാമോ എന്നത് ഗൗരവമേറിയ ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram questions the police action on collecting call details of covid patients

We use cookies to give you the best possible experience. Learn more