| Friday, 5th January 2018, 4:16 pm

ടി.പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം; വി.ടി ബല്‍റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധ കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഇട്ട ഫേസബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് നല്‍കിയ പരാതിയിലാണ് നടപടി.

കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുമായിരുന്നു ബല്‍റാമിന്റെ ഫേസബുക്ക് പോസ്റ്റ്. ടി. പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് എം.എല്‍എയുട പോസ്റ്റ്.

അതിനു കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടിയെ കണക്കാക്കിയാല്‍ മതിയെന്നും ബല്‍റാം പറഞ്ഞിരുന്നു. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിര്‍ത്തി ഇപ്പോഴത്തെ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ടി.പി കേസില്‍ ഒത്തുതീര്‍പ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും ബി.ജെ.പിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ബല്‍റാമിനെ ചോദ്യം ചെയ്തത്.

We use cookies to give you the best possible experience. Learn more