തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ “ചെറ്റ” എന്ന വിശേഷിപ്പിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ എന്‍.എസ് മാധവന്റെ “ചെറ്റ” പരാമര്‍ശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തും ചെയ്തു.
ഈ ഐ.എ.എസ് തമ്പ്രാന്‍ ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് “ചെറ്റ” എന്നാണത്രേ, എന്‍.എസ്.മാധവന്‍ ഏത് പുകയാണ് വലിക്കുന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിക്കുന്നില്ല എന്നായിരുന്നു വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്‌ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് “ചെറ്റ” എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തത് കൊണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഇത് പെര്‍വെഷനോ സെല്‍ഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂവെന്നുമായിരുന്നു വി.ടി ബല്‍റാമിന്റെ കമന്റ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം. സുകുമാരനെ കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു എന്‍.എസ് മാധവന്റെ പരാമര്‍ശം.
ആഴ്ചപ്പതിപ്പില്‍ കെ.എസ് രവികുമാര്‍ എഴുതിയ എം സുകുമാരനെകുറിച്ചുള്ള ലേഖനത്തില്‍, പിതൃതര്‍പ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഒരു വാക്ക് പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വെട്ടിക്കളഞ്ഞതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി,”” എം സുകുമാരന്റെ കഥയില്‍ നിന്ന് “നാറിയ” എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റര്‍ എം.ജയചന്ദ്രന്‍ നായര്‍, ആ പണിക്ക് പറ്റാത്ത മലയാളമറിയാത്ത, മാര്‍വാടി പത്രമുടമയുടെ ശേവുകനായിരുന്നു” എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. പിന്നീട് ഇനീഷ്യല്‍ തെറ്റിയതു ബോധ്യപ്പെട്ടപ്പോഴാണ് എം. അല്ല, എസ് ജയചന്ദ്രന്‍ നായര്‍ എന്നാണ് പത്രാധിപ ചെറ്റയുടെ ഇനീഷ്യല്‍ എന്ന കമന്റ് ഇട്ടത്.
എന്‍.എസ് മാധവന്റെ ട്വീറ്റിന് താഴെ ഇത് കടുത്ത പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ കമന്റിട്ടപ്പോള്‍ ഇതൊന്നും പോര എന്നായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം. ടി.പി വധത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭാവര്‍മയുടെ ശ്യാമമാധവം എന്ന കവിത ഇടയ്ക്കുവെച്ചു നിര്‍ത്തിയതും എസ്. ജയചന്ദ്രന്‍ നായരെ ചെറ്റ എന്ന് വിളിക്കാന്‍ കാരണമാണെന്നും എന്‍.എസ് മാധവന്‍ വിശദീകരിക്കുന്നുണ്ട്.
ഒരു വ്യക്തിയെ ചെറ്റ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിന് പിന്നില്‍ ഏത് തരത്തിലുള്ള മാനസികാവസ്ഥായാണ് ഉള്ളതെന്നും ചെറ്റക്കുടില്‍ എന്നാല്‍ പാവപ്പെട്ടവന്റെ കുടിലാണെന്നും ചെറ്റ എന്നാല്‍ പാവപ്പെട്ടയാള്‍ എന്നാണ് അര്‍ത്ഥമെന്നും അധിക്ഷേപാര്‍ഹമായ ഒരു പദമല്ല അതെന്നുമാണ് എന്‍.ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
Watch Doolnews Video