'കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ സവര്‍ണ്ണന്റെ ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂ'; രമ്യാ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ പ്രതികരണവുമായി ബല്‍റാം
Kerala
'കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ സവര്‍ണ്ണന്റെ ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂ'; രമ്യാ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ പ്രതികരണവുമായി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2019, 1:16 pm

തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പണപ്പിരിവ് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.

കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവര്‍ണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂവെന്നും കേരളത്തിലെ ഏറ്റവും ദരിദ്രയായ പാര്‍ലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെണ്‍കുട്ടിക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തിയും ആക്രാന്തവും അഹങ്കാരവും അട്ടയെ പിടിച്ച് മെത്തയെ കിടത്തലായി വിലയിരുത്തുകയാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ടു വോയില്‍ സാരി കൊടുക്കുക. അല്‍പ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്തു കൊള്ളാം’ എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാല്‍ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാന്‍ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.

എന്നാല്‍, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാര്‍ലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെണ്‍കുട്ടിക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയില്‍ക്കിടത്തല്‍.

മഹാനായ അംബേദ്കര്‍ ‘എ ബഞ്ച് ഓഫ് ബ്രാഹ്മിണ്‍ ബോയ്‌സ്’ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവര്‍ണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂ’- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യയ്ക്ക് സഞ്ചരിക്കാന്‍ കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയായിരുന്നു തീരുമാനിച്ചത്.
ജൂലൈ 25 നകം പിരിവ് പൂര്‍ത്തിയാക്കാനാണ് കമ്മറ്റികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം, ഏഴു നിയമസഭാ മണ്ഡലത്തില്‍ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം.

ഓഗസ്റ്റ് 9 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറുമെന്നാണ് അറിയിച്ചത്.

സംഭവം വിവാദമായതോടെ രമ്യ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. പിരിവില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു രമ്യ ഹരിദാസ് പ്രതികരിച്ചത്. ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് അംഗമായ തനിക്ക് യൂത്ത് കോണ്‍ഗ്രസ് അത്തരത്തിലൊരു സമ്മാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞിരുന്നു.

കാര്‍ വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരില്‍ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു.

ഒന്നുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കിയതും യൂത്ത് കോണ്‍ഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവര്‍ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും അവര്‍ നല്‍കുന്നത് സന്തോഷം പൂര്‍വം സ്വീകരിക്കുമെന്നും രമ്യ പറഞ്ഞിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണവും രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി.