| Saturday, 26th September 2020, 11:56 pm

മുഖ്യമന്ത്രിയെക്കുറിച്ചുള്ള നേരിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ തിടുക്കം, സാധാരണക്കാരായ സ്ത്രീകളുടെ പരാതി പൊലീസ് പരിഗണിക്കുന്നില്ലെന്ന് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായരെക്കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും മാപ്പു പറയിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന നേരിയ പരാമര്‍ശങ്ങളില്‍ ഒരു സൈബര്‍ സഖാവിന്റെ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിന് വ്യഗ്രതയാണെന്നും എന്നാല്‍ സാധാരണ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കില്ലെന്നും വി.ടി ബല്‍റാം ആരോപിച്ചു.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്നെന്ന് പറഞ്ഞ വി.ടി ബല്‍റാം ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു.

അതേ സമയം വിജയ് പി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെയും ദിയ സന എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മോശമായ പദ പ്രയോഗങ്ങളും സത്രീ വിരുദ്ധ പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമര്‍ശങ്ങള്‍ക്ക് പോലും ഏതെങ്കിലും സൈബര്‍ സഖാവിന്റെ പരാതിയിന്മേല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് വല്ലാത്ത വ്യഗ്രതയാണ്. പ്രതിയാക്കപ്പെടുന്നവര്‍ വിദേശത്താണെങ്കില്‍ നാട്ടിലുള്ള അവരുടെ പ്രായമായ മാതാപിതാക്കളെ വരെ വിരട്ടാനും ബുദ്ധിമുട്ടിക്കാനും പോലീസിന് വല്ലാത്തൊരു ആവേശവുമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് പല പോലീസ് ഉദ്യോഗസ്ഥരും പറയാറുമുണ്ട്. ഭരണകൂടത്തിന് താത്പര്യമുള്ള ചില സെലിബ്രിറ്റീസിന്റെ കാര്യത്തിലും പോലീസിന്റെ ഈ ആവേശം കാണാറുണ്ട്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ എത്ര പരാതിപ്പെട്ടാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇവിടത്തെ പോലീസിന് ഒരു താത്പര്യവും കാണുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും, ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തില്‍ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ആരംഭമാണ്.

സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരില്‍ തിരുവനന്തപുരത്തെ ആ ‘ഡോക്ടര്‍’ക്കെതിരെ പോലീസില്‍ മുന്‍പേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കില്‍ അക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പോലീസ് വീഴ്ച വരുത്തിയാണെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram on Bhagyalakshmi and Diya sana protest against Vijay p nair

Latest Stories

We use cookies to give you the best possible experience. Learn more