ഗാന്ധി വധഗൂഢാലോചനക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെ: വി.ടി ബല്‍റാം
India
ഗാന്ധി വധഗൂഢാലോചനക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെ: വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 3:00 pm

കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട ലഖ്‌നൗ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ.

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ് എന്നായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്. കോടതി വിധിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം വന്നിട്ടില്ല.

അതേസമയം വിധി നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചത്. പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നെന്നും അവര്‍ ആരും തന്നെ ഇത് തടയാന്‍ ശ്രമിച്ചില്ലെന്നത് ലോകം മുഴുവന്‍ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ബാബരി മസ്ജിദ് തകര്‍ത്തതാണെന്ന് വളരെ വ്യക്തമായി സുപ്രീം കോടതി പറഞ്ഞതാണ്. അന്വേഷണ ഏജന്സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതാണ്. എന്നിട്ട് ഇപ്പോള്‍ എല്ലാവരേയും വെറുതെ വിട്ട് വിധി വന്നിരിക്കുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ല.

അല്ലെങ്കില്‍ തന്നെ 28 വര്‍ഷമായി. വിധി വൈകിയതിലൂടെ തന്നെ നീതി നിഷേധമാണ് നടന്നത്. ഇത്ര വൈകി സംഭവിച്ച കാര്യം അങ്ങേയറ്റം ന്യായം നിഷേധിക്കുന്നതിന് തുല്യമാണ്. അവസാനം വിധി വന്നപ്പോള്‍ എല്ലാവരേയും വെറുതെ വിട്ടിരിക്കുകയാണെന്നും ബാബരി മസ്ജിദ് തകര്‍ത്തിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമായി പോയി ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ഇന്ത്യന്‍ നീതി ന്യായ ചരിത്രത്തില്‍ എപ്പോഴും നീതിയും ന്യായവും നിലനില്‍ക്കുന്നുണ്ട് എന്നത് ലോകത്തിന് മുന്‍പില്‍ വരേണ്ടത് നമുക്ക് ആവശ്യമാണ്. വിധി നിര്‍ഭാഗ്യകരമാണ്, എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്. ”അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ എഴുതി.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram On Babri Verdict