കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്സിജനും മരുന്നിനും ക്ഷാമം നേരിടുന്നതിനിടെ ചര്‍ച്ചയായി തൃത്താല എം.എല്‍.എ വി ടി ബല്‍റാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.
ബല്‍റാമിന്റെ, ‘കോണ്ഗ്രസ് മുക്ത ഭാരതം ഓക്സിജന്‍ ഇല്ലാത്ത ആശുപത്രി പോലെയാണ്’ എന്ന 2017 ഓഗസ്റ്റില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്.
ദീര്‍ഘ വീക്ഷണം, വരാന്‍ പോകുന്ന വിപത്തിനെ മുന്നേ കണ്ടവന്‍, കാലത്തിന് മുന്നേ സഞ്ചരിച്ച വാക്കുകള്‍ തുടങ്ങി നിരവധി കമന്റുകളാണ് പഴയ പോസ്റ്റിന് താഴെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്.
ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി.
നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം ആശുപത്രി. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഓക്സിജന്‍ എത്തിക്കണമെന്ന് നേരത്തെ തന്നെ മെഡിക്കല്‍ ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക