തിരുവനന്തപുരം: നിരന്തരം ആരോപണ വിധേയനായിട്ടും കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ജലീല്‍ രാജി വച്ചാല്‍ തനിക്ക് നേരെയും ആരോപണം നീളുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും വി.ടി ബല്‍റാം പറഞ്ഞു.
‘ഞാന്‍ മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നത് പോലെ ഈ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വര്‍ഷത്തിനിടയില്‍ മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്’, വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജലീലിനെതിരെ ഉയര്‍ന്നത് ബന്ധു നിയമനം മാത്രമല്ല മാര്‍ക്ക് തട്ടിപ്പ്, സര്‍വ്വകലാശാല നിയമ ലംഘനം മുതല്‍ ഇപ്പോള്‍ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇ.പി ജയരാജനും തോമസ് ചാണ്ടിക്കും ശശീന്ദ്രനും നല്‍കാത്ത സംരക്ഷണം മുഖ്യമന്ത്രി എന്തിന് ജലീലിന് നല്‍കണമെന്നും മജീദ് ചോദിച്ചു.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെയാണ് ചോദ്യം ചെയതത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.
യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.
പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയം ആരോപണത്തിന് ഇടയാക്കിയിരുന്നു.
ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.
സി-ആപ്റ്റില്‍ നിന്നും ചില പാഴ്‌സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്‌സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
എന്നാല്‍കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
ഇതിന് പിന്നാലെ നയതന്ത്ര ബാഗേജില്‍ ആകെ എത്ര ഖുര്‍ ആന്‍ വന്നുവെന്ന് കണക്കെടുക്കാനായി ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചിരുന്നു.
ഒരു ഖുര്‍ ആന്‍ 567 ഗ്രാമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി ആകെ 250 പാക്കറ്റുകളാണ് യു.എ.ഇ എംബസി വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് മുതല്‍മുടക്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സ്വന്തമായി ഒരു പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത കെ.ടി.ജലീല്‍ മൂന്ന് തവണയായി എല്‍ഡിഎഫ് എംഎല്‍എയാണ്. അഞ്ച് വര്‍ഷത്തോളമായി മന്ത്രിയും. ഞാന്‍ മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നത് പോലെ ഈ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വര്‍ഷത്തിനിടയില്‍ മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജലീലിനെതിരെ ഉയര്‍ന്നത് ബന്ധു നിയമനം മാത്രമല്ല മാര്‍ക്ക് തട്ടിപ്പ്, സര്‍വ്വകലാശാല നിയമ ലംഘനം മുതല്‍ ഇപ്പോള്‍ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണ്.
ഭരണഘടന പ്രകാരം ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ‘ഗവര്‍ണറുടെ പ്ലെഷര്‍’ അയാള്‍ക്ക് മേല്‍ ഉള്ള കാലത്തോളം മാത്രമാണ്. എന്നാല്‍ നേരത്തേ സര്‍വ്വകലാശാല മാര്‍ക്ക് ദാന വിഷയത്തില്‍ ബഹു.ഗവര്‍ണര്‍ രേഖാമൂലം അതൃപ്തി പ്രകടിപ്പിച്ചയാളാണ് മന്ത്രി ജലീല്‍. ഇപ്പോഴിതാ രാജ്യദ്രോഹപരമായ മാനങ്ങളുള്ള ഒരു കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയായും കെ ടി ജലീല്‍ മാറിയിരിക്കുന്നു.
ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബ്ബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്? ജലീല്‍ രാജി വച്ചാല്‍ അധികം വൈകാതെ ആ കുന്തമുന തനിക്ക് നേരെയും നീളുമെന്നുള്ള മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം? അതോ ജലീല്‍ ഇടനിലക്കാരനായിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപിത ശക്തികള്‍ പിണങ്ങുമെന്നുള്ള ഭയമാണോ?
കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ/ചില വിഭാഗങ്ങളെ എല്‍ഡിഎഫിനോടടുപ്പിക്കാന്‍ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മുന്നോട്ടു വരേണ്ടത്. തന്റെ ഹീന പ്രവൃത്തികള്‍ക്ക് മറയൊരുക്കുന്നതിനായി ആളുകളുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും ദുരുപയോഗിക്കുക എന്ന പതിവു തന്ത്രം പുറത്തെടുക്കാന്‍ ഇത്തവണയെങ്കിലും ജലീല്‍ തയ്യാറാവില്ല എന്നും പ്രതീക്ഷിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: VT Balram Targets KT Jaleel on Kerala Gold Smuggling