കോഴിക്കോട്: മൂന്ന് വര്‍ഷമായി ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 ഇന്ത്യാക്കാരെ മോചിപ്പിക്കുമെന്ന തീരുമാനത്തെ ആഹ്ലാദത്തോടെയാണ് സോഷ്യല്‍ മീഡിയയും മലയാളികളും സ്വീകരിച്ചത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു കൊണ്ടുള്ള യുവാവിന്റെ വ്യത്യസ്തമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജാസിം എം എന്നയാളുടെ ചിത്രമായിരുന്നു വൈറലായത്. എന്നാല്‍ ചിത്രത്തിന് പിന്നിലെ കഥ പിന്നീട് പുറത്തു വരികയും ചെയ്തു. ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നും ദുബായില്‍ നിന്നും തിരിച്ചെത്തുന്ന ജസീമിന് സഹമുറിയന്‍മാര്‍ നല്‍കിയ പണിയാണെന്നും പറഞ്ഞു സുഹൃത്തുക്കള്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
ഇതറിയാതെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി അടിക്കുറിപ്പുകള്‍ ആവശ്യമില്ലാത്ത ചിത്രമെന്ന തലക്കെട്ടോടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ രാജീവിനെ പരിഹസിച്ച് തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുകയാണ്.
“സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.” എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
കേരള സന്ദര്‍ശനം കഴിഞ്ഞ് ഷാര്‍ജ ഭരണാധികാരി തിരിച്ച് നാട്ടില്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ജയിലില്‍ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാള്‍ ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നുവെന്നും വി.ടി പറയുന്നു.
സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെയെന്നും “ബാലരമ” വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് “ചിന്ത” വായിക്കുന്നവര്‍ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
CPM ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരള സന്ദര്‍ശനം കഴിഞ്ഞ് ഷാര്‍ജ ഷേയ്ക്ക് തിരിച്ച് നാട്ടില്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ജയിലില്‍ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാള്‍ ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നു. സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
“ബാലരമ” വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് “ചിന്ത” വായിക്കുന്നവര്‍ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.