| Friday, 21st August 2020, 10:40 pm

ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുന്നതാണ് സി.പി.ഐ.എമ്മിന്റെ രീതി; കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കലെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നും വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കായംകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റാണെന്നും ഇത് തിരുത്തണമെന്നും വി.ടി ബല്‍റാം എം.എല്‍.എ.

പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ് സി.പി.ഐ.എം എന്നും .ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ഒക്കെ ചെയ്യുന്നതാണ് സി.പി.ഐ.എമ്മിന്റെ പ്രചരണ രീതിയെന്നും ബല്‍റാം ആരോപിച്ചു.

സിയാദും പ്രധാന പ്രതിയായ മുജീബും തമ്മില്‍ നേരത്തെ സാമാന്യം നല്ല സുഹൃദ് ബന്ധമുണ്ടായിരുന്നു. പിന്നീടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ അംഗീകരിക്കുന്നു. മദ്യ, മയക്കുമരുന്ന് മാഫിയക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് നാട്ടില്‍ സംസാരമുണ്ട്. എന്നാല്‍ ഇതൊക്കെ മറച്ചുവച്ചാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ തെളിവിന്റെ തരിമ്പ് പോലുമില്ലാതെ എഴുന്നെള്ളിക്കുന്നതെന്നും ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അതേത്തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെ സൈബര്‍ പട്ടാളം അരങ്ങു തകര്‍ക്കുകയായിരുന്നു. ഏതായാലും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് തൊട്ട് മന്ത്രി ജി സുധാകരന്‍ മുതല്‍ കായംകുളത്തെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കുകള്‍ വരെ ഇന്ന് കോടിയേരിയുടെ നുണപ്രചരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണെന്നും ബല്‍റാം പറയുന്നു.

പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരുന്നു കൊണ്ട് ഇത്ര വലിയ ഒരു നുണ പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും ഓഡിറ്റിംഗ് കോടിയേരി ബാലകൃഷ്ണന് സാംസ്‌ക്കാരിക കേരളത്തില്‍ നിന്ന് നേരിടേണ്ടി വരുന്നുണ്ടോയെന്നും ബല്‍റാം ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.ഐ.എം നേതാവ് ഒരിക്കലെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറവണമെന്നും സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മനപ്പൂര്‍വ്വം പറഞ്ഞ ആ പച്ചക്കള്ളം അദ്ദേഹം പിന്‍വലിക്കണമെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.

കായംകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തത് ഇത് വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോണ്‍ഗ്രസ് കരുതിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തില്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്‌കൂട്ടറില്‍ കയറ്റിയാണ് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലര്‍ രക്ഷപ്പെടുത്തിയത്’, കോടിയേരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയ്ത. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

കുത്ത് കരളില്‍ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ് സി.പി.ഐ.എം. എന്നും ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ഒക്കെ ചെയ്യുന്നതാണ് സി.പി.ഐ.എമ്മിന്റെ പ്രചരണ രീതി. സാധാരണ പ്രവര്‍ത്തകര്‍ മാത്രമൊന്നുമല്ല, ഏറ്റവും മുതിര്‍ന്ന നേതാക്കന്മാര്‍ വരെ ഇങ്ങനെ കണ്ണും പൂട്ടി നുണ അടിച്ചു വിടുന്നതില്‍ ഒരു മടിയും കാട്ടാറില്ല. അപ്പോഴത്തെ രാഷ്ട്രീയ നറേറ്റീവ് തങ്ങള്‍ക്കനുകൂലമാക്കുക എന്നതിനപ്പുറം മറ്റൊന്നും അവര്‍ നോക്കാറില്ല. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ കാതങ്ങളോളം സഞ്ചരിച്ചിട്ടുണ്ടാവുമെന്നാണല്ലോ പോസ്റ്റ് ട്രൂത്ത് അനുഭവപാഠം.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കര്‍ മുതല്‍ കൈരളിയില്‍ അതേക്കുറിച്ച് അവതരിപ്പിക്കപ്പെട്ട ബ്രേയ്ക്കിംഗ് ന്യൂസുകള്‍ വരെ ഏറെ കുപ്രസിദ്ധമാണല്ലോ. കഴിഞ്ഞ വര്‍ഷം കൊല്ലത്ത് കപ്പ കച്ചവടത്തിനിടയില്‍ തര്‍ക്കത്തേത്തുടര്‍ന്ന് മരണപ്പെട്ട വൃദ്ധന്റേത് പോലും രാഷ്ട്രീയ കൊലപാതകമാക്കി കോണ്‍ഗ്രസിന്റെ തലയില്‍ വച്ചുകെട്ടാന്‍ സി.പി.ഐ.എമ്മിന്റെ പ്രധാന നേതാക്കന്മാര്‍ തന്നെ പരിശ്രമിച്ചിരുന്നു. അതിന്റെയെല്ലാം സത്യാവസ്ഥ പിന്നീട് കേരളത്തിന് മനസ്സിലായി.

ഈ രീതിയിലുള്ള ഒടുവിലത്തെ ആസൂത്രിത നുണപ്രചരണമാണ് കായംകുളത്ത് സിയാദ് എന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അത് എത്രയോ കാലമായി കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഒരു മടിയും കൂടാതെ ആരോപിച്ചു കൊണ്ടുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീണ്ട ഫേസ്ബുക്ക് പോസ്റ്റ്.

ലഭ്യമായ വിവരം വച്ച് സിയാദും പ്രധാന പ്രതിയായ മുജീബും തമ്മില്‍ നേരത്തെ സാമാന്യം നല്ല സുഹൃദ് ബന്ധമുണ്ടായിരുന്നു. പിന്നീടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ അംഗീകരിക്കുന്നു. മദ്യ, മയക്കുമരുന്ന് മാഫിയക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് നാട്ടില്‍ സംസാരമുണ്ട്. എന്നാല്‍ ഇതൊക്കെ മറച്ചുവച്ചാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ തെളിവിന്റെ തരിമ്പ് പോലുമില്ലാതെ എഴുന്നെള്ളിക്കുന്നത്! അതേത്തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെ സൈബര്‍ പട്ടാളം അരങ്ങു തകര്‍ക്കുകയായിരുന്നു. ഏതായാലും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് തൊട്ട് മന്ത്രി ജി സുധാകരന്‍ മുതല്‍ കായംകുളത്തെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കുകള്‍ വരെ ഇന്ന് കോടിയേരിയുടെ നുണപ്രചരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ്.

എത്ര ഹീനമായ മനസ്സാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് സമീപകാലത്ത് മാത്രം ഇതെത്രാമത്തെ തവണയാണ് കേരളീയ സമൂഹത്തിന് ചോദിക്കേണ്ടി വരുന്നത്! സ്വന്തം പാര്‍ട്ടിക്കാരനായ ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊലചെയ്യപ്പെടുമ്പോള്‍ അതില്‍ പാര്‍ട്ടി നേതാവ് ശക്തമായി പ്രതിഷേധിക്കേണ്ടത് തന്നെയാണ്. വ്യക്തമായ തെളിവ് പ്രഥമദൃഷ്ട്യാ ഉണ്ടെങ്കില്‍ ഉത്തരവാദികളെ നേരിട്ട് കുറ്റപ്പെടുത്തുന്നതും അങ്ങനെ പ്രത്യക്ഷത്തിലുള്ള തെളിവില്ലെങ്കില്‍ സംശയിക്കപ്പെടുന്നവരെക്കുറിച്ച് സൂചന നല്‍കി വിമര്‍ശിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ സംഭവം നടന്ന് ആദ്യ പ്രതികരണത്തില്‍ത്തന്നെ ഇത് ആരുടെയെങ്കിലും തലയില്‍ വച്ച് കെട്ടാനുള്ള വ്യഗ്രതയെന്തിനാണ്?

സി.പി.ഐ.എമ്മിനെതിരെ ഒരാരോപണമുയര്‍ന്നപ്പോള്‍ അതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു പ്രതിരോധ നീക്കമായിരുന്നില്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയാണെങ്കില്‍ അതൊരു പാര്‍ട്ടി നേതാവിന്റെ ഉത്തരവാദിത്തമാണെന്ന് വാദത്തിനെങ്കിലും അംഗീകരിക്കാമായിരുന്നു. പക്ഷേ ഇവിടെ ഒരു ചാന്‍സ് ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ഒരു കാര്യവുമില്ലാതെ ഏകപക്ഷീയമായി അങ്ങോട്ടുചെന്ന് ആക്രമിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ മരണപ്പെട്ട ആ പ്രവര്‍ത്തകനോട് തന്നെയുള്ള ഒരു അനാദരവല്ലേ? കൊല്ലപ്പെട്ട ആ ഹതഭാഗ്യനും കുടുംബത്തിനും നീതി വാങ്ങി നല്‍കുക എന്നതല്ല, അതില്‍ നിന്ന് എങ്ങനെയെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തേയും പ്രഥമ പരിഗണന എന്ന് സംസ്ഥാന സെക്രട്ടറി തന്നെ തെളിയിക്കുന്നത് എത്ര വലിയ ദുരന്തമാണ്?

അബദ്ധത്തില്‍ സംഭവിക്കുന്ന നാക്ക് പിഴയല്ല, പ്രൊപ്പഗണ്ടയുടെ ഭാഗമായി മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി മനപ്പൂര്‍വ്വം പറയുന്ന ഇത്തരം നുണകളാണ് സി.പി.ഐ.എം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപത്തെ ശരിവക്കുന്നത്. എന്നിട്ടും പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരുന്നു കൊണ്ട് ഇത്ര വലിയ ഒരു നുണ പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും ഓഡിറ്റിംഗ് കോടിയേരി ബാലകൃഷ്ണന് സാംസ്‌ക്കാരിക കേരളത്തില്‍ നിന്ന് നേരിടേണ്ടി വരുന്നുണ്ടോ? അതാണ് കേരളത്തില്‍ സിപിഎമ്മുകാരനുള്ള പ്രിവിലിജ്. ഇതേയാളുകളാണ് മാധ്യമങ്ങള്‍ അവരുടെ ജനാധിപത്യ ഉത്തരവാദിത്തമായ ഭരണകൂട വിമര്‍ശനം നടത്തുന്നതിനിടയില്‍ എന്തെങ്കിലും നേരിയ പാളിച്ച വന്നാല്‍പ്പോലും അതിന്റെ പേരില്‍ കാടടച്ച് ബഹളം വക്കുന്നത്. സാംസ്‌ക്കാരിക പട്ടാളത്തെ ഇറക്കി റൂട്ട് മാര്‍ച്ച് നടത്തി മറ്റുള്ളവരെ മുഴുവന്‍ നിശ്ശബ്ദരാക്കാന്‍ നോക്കുന്നത്.

അതുകൊണ്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.ഐ.എം നേതാവ് ഒരിക്കലെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാവണം. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മനപ്പൂര്‍വ്വം പറഞ്ഞ ആ പച്ചക്കള്ളം അദ്ദേഹം പിന്‍വലിക്കണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

VT Balram MLA against  Kodiyeri Balakrishnan

We use cookies to give you the best possible experience. Learn more