'എക്‌സ് എം.പി ബോര്‍ഡ്': ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാം; ഫോട്ടോഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പോസ്റ്റ് മുക്കിയിട്ടുണ്ടെന്ന് പി.വി അന്‍വര്‍
Kerala News
'എക്‌സ് എം.പി ബോര്‍ഡ്': ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാം; ഫോട്ടോഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പോസ്റ്റ് മുക്കിയിട്ടുണ്ടെന്ന് പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 7:19 pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘എക്‌സ് എം.പി ബോര്‍ഡ്’ വിഷയത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പ് പിന്‍വലിച്ചു. കുറിപ്പ് പിന്‍വലിച്ചതിനെ പരിഹസിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം ആരോപിച്ചത്.

ഫോട്ടോഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പോസ്റ്റ് മുക്കിയിട്ടുണ്ട് എന്നാണ് പി.വി അന്‍വര്‍ ബല്‍റാമിനെ കളിയാക്കി ഫേസ്ബുക്കില്‍ കുറിച്ചത്.

‘അദ്ദേഹത്തിനും അത് ഏറ്റുപിടിച്ച് ഷെയര്‍ ചെയ്ത 900-ഓളം കോണ്‍ഗ്രസ്-ഹരിത ഷൈബര്‍ ഭടന്മാര്‍ക്കും സമര്‍പ്പിക്കുന്നു.. വാഴ തന്നെ!’- പി.വി അന്‍വര്‍ കുറിച്ചു.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എം.പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

താനോ കൂട്ടുകാരോ സഖാക്കളോ കാണാത്ത ഒരു ബോര്‍ഡ് എങ്ങനെ വാഹനത്തില്‍ വന്നെന്ന് അറിയില്ലെന്ന് എ. സമ്പത്തിന്റെ ഡ്രൈവര്‍ പ്രസാദ് ഏലംകുളം പറഞ്ഞിരുന്നു. കുത്തിത്തിരിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്നും പ്രസാദ് ഏലംകുളം പറഞ്ഞിരുന്നു.

എക്‌സ് എം.പി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാമെന്നും എ. സമ്പത്ത് പറഞ്ഞിരുന്നു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറില്‍ Ex.MP എന്ന് എഴുതിയ ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്നതാണ് ചിത്രം. ഈ നമ്പറിലുള്ള വാഹനം എ. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്.

വാഹനം മുന്‍ എം.പി എ സമ്പത്തിന്റേതാണെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടി.വി ഓണ്‍ലൈന്‍ ഇക്കാര്യം ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.