| Sunday, 9th June 2019, 1:08 pm

ഇടതുപക്ഷ പ്രിവിലേജുള്ളതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍പ്പെടില്ല; എം.മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന സാഹിത്യകാരന്‍ എം. മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.

‘കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് നാല് വര്‍ഷം സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിതെന്നും ഇടതുപക്ഷ പ്രിവിലേജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍ ഉള്‍പ്പെടില്ല എന്ന് പറയാന്‍ പറഞ്ഞു’ എന്നായിരുന്നു മുകുന്ദനെ പരിഹസിച്ചുകൊണ്ട് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതെന്നായിരുന്നു മുകുന്ദന്‍ പറഞ്ഞത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടന ചടങ്ങിലായിരുന്നു മുകുന്ദന്റെ പരാമര്‍ശം.

നല്ല കൃതികള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും എന്ത് വായിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പറേറ്റുമാരാണെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

ഒ.വി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നെന്നും പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more