തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന മന്ത്രി. ഇ.പി ജയരാജന് നേരെ സമാനമായ ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ.
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനിലേക്ക് പി.ആര്‍.ഒയുടെ ഒഴിവിലേക്ക് നിയമനം നടത്തുവാന്‍ നല്‍കിയ പത്രപ്പരസ്യമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ടി.സി രാജേഷ് സിന്ധു ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വി.ടി ബല്‍റാം വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന്‍ നിയമനങ്ങള്‍ക്ക് നീക്കം നടക്കുന്നതായി ആരോപിക്കുന്നത്.
പി.ആര്‍.ഒയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേണലിസത്തെ കുറിച്ചോ മാസ് കമ്യൂണിക്കേഷനെ കുറിച്ചോ പരാമര്‍ശിക്കുന്നില്ലെന്നും പകരം സെക്രട്ടറിയേറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം എന്ന യോഗ്യതയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് എന്നാണ് ടി.സിരാജേഷ് സിന്ധു ഫേസ്ബുക്കില്‍ അഭിപ്രായപ്പെടുന്നത്.
കൂടാതെ പ്രായപരിധി 58 വയസ് വരെയാക്കിയത് വിരമിച്ചതോ അല്ലെങ്കില്‍ ഉടന്‍ വിരമിക്കാനിരിക്കുന്നതോ ആയ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വി.ടി ബല്‍റാം സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്നത്.
“ഈ നാട്ടില്‍ ഒരു പോസ്റ്റിലേക്ക് നിയമനം നടത്താന്‍ മിനിമം യോഗ്യതകളുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡമെങ്കിലും വേണ്ടേ? സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഇതാരുടെ വ്യവസായം വികസിപ്പിക്കാനാണ് ഈ നിയമനം നടത്തുന്നത്?”- എന്നായിരുന്നു ടി.സി രാജേഷ് സിന്ധു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചത്.
“”പോസ്റ്റ് പി.ആര്‍.ഒ. യോഗ്യതയില്‍ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനോ ഒന്നും വേണ്ട, പക്ഷേ, ഫസ്റ്റ് ക്ലാസ് ഡിഗ്രി വേണം. പ്രവര്‍ത്തനപരിചയമാണ് അതിലും രസകരം. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം. അതും ഫിനാന്‍സ് വകുപ്പിലോ പബ്ലിക് റിലേഷന്‍ വകുപ്പിലോ. ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധമേ ഈ രണ്ടു വകുപ്പും തമ്മിലുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫിനാന്‍സ് വകുപ്പില്‍ നിന്നുള്ള ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ പോസ്റ്റാണ് ഇതെന്നും പി.ആര്‍.ഒ ആയി ഫിനാന്‍സ് വകുപ്പില്‍ നിന്നൊരാളെ പോസ്റ്റ് ചെയ്യുന്നതെങ്ങിനെയെന്ന ചോദ്യത്തെ പ്രതിരോധിക്കാനായിരിക്കണം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകൂടി ചേര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“”പ്രായപരിധി 58 വയസ്സാണ്. അതായത്, ഇപ്പോള്‍ വിരമിച്ചതോ ഉടന്‍ വിരമിക്കാനിരിക്കുന്നതോ ആയ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണിത്. മിനിമം പത്രക്കുറിപ്പെങ്കിലും തയ്യാറാക്കാന്‍ അറിഞ്ഞിരിക്കണമെന്നുപോലുമില്ല. ശമ്പളം എന്തായാലും 20000 രൂപയേ ഉള്ളൂ, മാസം. അതുപിന്നെ പതിയെ വര്‍ധിപ്പിച്ചാലും ആരും ചോദിക്കില്ലല്ലോ.
കേരളത്തില്‍ ഉടന്‍ നടപ്പാക്കപ്പെടുമെന്ന് ഭീഷണി മുഴക്കപ്പെട്ടിരിക്കുന്ന വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ പൊതുജനസമ്പര്‍ക്കത്തിനായി കണ്‍സള്‍ട്ടന്‍സിയെ വിളിച്ചിട്ടുണ്ട്. അവര്‍ക്ക് ലക്ഷങ്ങളായിരിക്കും പ്രതിമാസം ഫീസായി കൊടുക്കുക.
അത്തരത്തിലുള്ള കണ്‍സള്‍ട്ടന്‍സികള്‍ക്ക് സ്ഥാപനങ്ങളില്‍ ഒരു സിംഗിള്‍ കോണ്ടാക്ട് വേണം. അതിന് പി.ആര്‍.ഒ ഉത്തമമാണ്. പത്രക്കുറിപ്പ് ഉണ്ടാക്കലും പത്രക്കാരുമായുള്ള സമ്പര്‍ക്കവും ഒക്കെ ആ ഏജന്‍സി നോക്കിക്കൊള്ളും. പിആര്‍ഒയ്ക്ക് അതിനായി ബുദ്ധി ഉപയോഗിക്കേണ്ടിവരികയേയില്ല. അതായത് ഇതൊരു കൂട്ടുകച്ചവടമാണെന്നര്‍ഥം””-രാജേഷ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പത്രപരസ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14 നാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് ഇ.പി ജയരാജന്‍ രാജിവെച്ചത്. പിന്നീട് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള വഴിതെളിഞ്ഞത്.
മന്ത്രിയായിരിക്കെ ജയരാജന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്നായിരുന്നു പരാതി. പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.
ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. സുധീര്‍ നമ്പ്യാരെ നിയമിച്ചതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു നിയമനമെന്ന് ജയരാജന്‍ പറഞ്ഞിരുന്നെങ്കിലും നിയമനം താന്‍ അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു പിണറായി. പിന്നീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു.