| Monday, 14th September 2020, 9:18 pm

'ആദ്യം ചോറൂണ്‍ ചിത്രം, പിന്നെ നിസ്‌കരിക്കുന്ന ചിത്രം-ബാലന്‍സിംഗ് പൂര്‍ത്തിയായി'; സ്വര്‍ണ്ണക്കടത്ത് കേസ് മതപരമായ വിഷയമാക്കി മാറ്റാന്‍ ജലീലും സി.പി.ഐ.എമ്മും ശ്രമിക്കുന്നുവെന്ന് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് മതപരമായ വിഷയമാക്കി മാറ്റാന്‍ സി.പി.ഐ.എം ശ്രമിക്കുന്നെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ആരോപണങ്ങളെ മതവികാരം മറയാക്കി തടയിടാനാണ് കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘സഹപ്രവര്‍ത്തകരായ രണ്ട് മന്ത്രിമാര്‍ കൊവിഡ് പോസിറ്റീവായി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് എത്തിയതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി ജലീല്‍ കൊവിഡ് ജാഗ്രതകള്‍ ലംഘിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ ചോറൂണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് തന്റെ പ്രകടനപരതക്ക് തുടക്കമിട്ടത്. പിന്നാലെ സ്വന്തം വീട്ടിനകത്ത് നിസ്‌ക്കരിക്കുന്നതിന്റെ ഫോട്ടോകള്‍ അനുയായികളേക്കൊണ്ട് എടുപ്പിച്ച് പുറത്ത് വിട്ടതോടു കൂടി അദ്ദേഹമുദ്ദേശിച്ച ബാലന്‍സിംഗും പൂര്‍ത്തിയായി’, ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ചര്‍ച്ചകള്‍ ഇത്തരത്തില്‍ പോകുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ബി.ജെ.പി ആണെന്നും ബല്‍റാം പറഞ്ഞു.

‘അവരെ സംബന്ധിച്ച് ഇത് മറ്റൊരു ‘സുവര്‍ണ്ണാവസരം’ ആയിരിക്കുമല്ലോ! കള്ളക്കടത്ത്, കള്ളപ്പണം, തീവ്രവാദം സമം മുസ്‌ലീം എന്നൊരു സമവാക്യമുണ്ടാക്കാന്‍ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിക്കുകയാണവര്‍. പ്രബുദ്ധ കേരളത്തിന്റെ മതേതര ബോധം ഇത്രനാളും ശക്തിയോടെ തടഞ്ഞു നിര്‍ത്തിയ ആ സമവാക്യത്തെ ബി.ജെ.പിക്ക് വേണ്ടി പൂരിപ്പിച്ച് കൊടുക്കുകയാണ് ഇപ്പോള്‍ ജലീലും സി.പി.ഐ.എമ്മും. അത് തന്നെയാണ് അതിന്റെ അപകടവും’, ബല്‍റാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യൂത്ത് ലീഗും വിഷയം മതപരമാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കെ.ടി ജലീല്‍ മതനേതാക്കളോട് സഹായം തേടുകയാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ജലീലിനെ ന്യായീകരിച്ചതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒരു മത ആചാര്യന്‍ ജലീലിനെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നുവെന്നും അതിനെ എങ്ങനെയാണ് യൂത്ത് ലീഗ് നോക്കികാണുന്നതെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ആ മതാചാര്യന്‍ കാന്തപുരമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.

‘അത് പരിശോധിക്കണം. കാന്തപുരം… അത് അന്വേഷിക്കണം. കാരണം അതാണ് ഞാന്‍ പറഞ്ഞത്. മതനേതാക്കളെയൊക്കെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. അതിന്റെ സാധൂകരണമാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്’, എന്നായിരുന്നു ഫിറോസിന്റെ മറുപടി.

സ്വര്‍ണ്ണ കള്ളക്കടത്തിനെ ന്യായീകരിക്കാന്‍ എങ്ങനെയാണ് മതനേതാക്കള്‍ക്ക് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ആരെങ്കിലും ന്യായീകരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഇടപാടും ദുരൂഹമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ആശങ്കപ്പെട്ടിരുന്നത് പോലെ സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തെ ഒരു മതപരവും വൈകാരികവുമായ വിഷയമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്. ബിജെപിയേപ്പോലൊരു പാര്‍ട്ടി ഇതാഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അതിന്റെ പത്തിരട്ടി വ്യഗ്രതയിലാണ് സിപിഎമ്മുകാര്‍ ഈ വിഷയത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ നോക്കുന്നത്. അങ്ങേയറ്റം ഹീനവും അപകടകരവുമാണ് ഈ നീക്കം.

സ്വര്‍ണ്ണക്കള്ളക്കടത്ത് പോലുള്ള ഗൗരവതരമായ ഒരു കുറ്റകൃത്യം, അതില്‍ മന്ത്രിമാര്‍ക്കും മന്ത്രി പുത്രന്മാര്‍ക്കും മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഉന്നതോദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിനുമൊക്കെയുള്ള ദുരൂഹമായ ബന്ധങ്ങള്‍, ഇതിന്മേല്‍ ദേശീയ തലത്തിലെ കുറ്റാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം മന്ത്രിമാരിലേക്ക് നീളുന്ന അവസ്ഥ, കേരളം മുഴുവന്‍ ആളിപ്പടരുന്ന പ്രതിഷേധങ്ങള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന ഉത്തരം മുട്ടലുകള്‍, ഓടിയൊളിക്കലുകള്‍ എന്നിങ്ങനെ ഒരു സംസ്ഥാനത്താണ് ഭരണസംവിധാനത്തില്‍ സാധാരണ പൗരന്മാര്‍ക്ക് വിശ്വാസം പാടേ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് കേരളമിന്ന് കടന്നുപോകുന്നത്. ഉത്തരമില്ലാതെ, മറുപടിയില്ലാതെ, മുഖമില്ലാതെ, ജനമധ്യത്തില്‍ പരിഹാസ്യരായി തലയില്‍ മുണ്ടിട്ട് നില്‍ക്കുകയാണ് സിപിഎം എന്ന ഭരണപ്പാര്‍ട്ടി. അതുകൊണ്ട് തന്നെ വിഷയം വഴിതിരിച്ചുവിടാന്‍ ഇതുപോലുള്ള അറ്റകൈ പ്രയോഗങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്.

ഇതിന്റെ സൂചനയാണ് ടിവി ചര്‍ച്ചകളിലെ സിപിഎം പ്രതിനിധികളുടെയും പാര്‍ട്ടി പത്രം/ചാനലിന്റേയും കഴിഞ്ഞ ഏതാനും ദിവസത്തെ പ്രൊപ്പഗണ്ട. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ എന്ന പേരില്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തി എന്നതാണ് ഉയര്‍ന്നിട്ടുള്ള സംശയം. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുന്നതും അത് തന്നെ. എന്നാല്‍ ഇതിലെ കള്ളക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് മിണ്ടാതെ ഖുറാന്‍ എന്ന വൈകാരികതയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി തളച്ചാല്‍ പിന്നെ എല്ലാം എളുപ്പമായി എന്നാണ് സിപിഎം ദുഷ്ട ബുദ്ധികള്‍ കരുതുന്നത്.

ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെ സംബന്ധിച്ച് ഇങ്ങനെ മതവികാരങ്ങളെ സ്വന്തം വൃത്തികേടുകള്‍ക്ക് മറയായി ദുരുപയോഗിക്കുന്നത് ഒരു സ്ഥിരം രീതിയാണെന്ന് നമുക്കറിയാം. സഹപ്രവര്‍ത്തകരായ രണ്ട് മന്ത്രിമാര്‍ കോവിഡ് പോസിറ്റീവായി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് എത്തിയതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി ജലീല്‍ കോവിഡ് ജാഗ്രതകള്‍ ലംഘിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ ചോറൂണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് തന്റെ പ്രകടനപരതക്ക് തുടക്കമിട്ടത്. പിന്നാലെ സ്വന്തം വീട്ടിനകത്ത് നിസ്‌ക്കരിക്കുന്നതിന്റെ ഫോട്ടോകള്‍ അനുയായികളേക്കൊണ്ട് എടുപ്പിച്ച് പുറത്ത് വിട്ടതോടു കൂടി അദ്ദേഹമുദ്ദേശിച്ച ബാലന്‍സിംഗും പൂര്‍ത്തിയായി.

 

എന്നാല്‍ സിപിഎം എന്ന ‘കമ്മൂണിസ്റ്റ് പാര്‍ട്ടി’യുടെ എല്ലാ നേതാക്കളും എന്തിനാണ് ഈ ജലീലിയന്‍ പാത പിന്തുടരുന്നത്? കേരളത്തിലൊരു മത വിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ കള്ളക്കടത്തിലൂടെ കൊണ്ടുവരേണ്ടുന്ന ഗതികേടില്ലെന്നും അതുകൊണ്ടുതന്നെ ആ പേര് പറഞ്ഞ് പ്രശ്‌നത്തിന് വര്‍ഗീയ മാനം നല്‍കേണ്ടെന്നും വിശ്വാസ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുഴുവനാളുകളും കൃത്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും സിപിഎമ്മിന് ഇത് എങ്ങിനെയും ഒരു ഖുറാന്‍ പ്രശ്‌നമാക്കി മാറ്റിയേ പറ്റൂ.

മുന്‍ പാലക്കാട് എംപി കൂടിയായ പാര്‍ട്ടി സംസ്ഥാന നേതാവ് എത്ര നിര്‍ലജ്ജമായാണ് മനോരമയിലെ ചര്‍ച്ചയില്‍ ഈ വിഷയത്തെ മത വൈകാരികതയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് എന്ന് കണ്ട മുഴുവന്‍ മലയാളികള്‍ക്കും തൊലിയുരിഞ്ഞു പോയ അനുഭവമാണുണ്ടായത്. ‘വിശുദ്ധ ഖുറാന്‍ കൊണ്ടു പോകുന്നതാണോ കുഴപ്പം? വിശുദ്ധ ഖുറാന്‍ എന്താ ഒരു നിരോധിത ഗ്രന്ഥമാണോ?’ എന്നൊക്കെ പറഞ്ഞ് പത്ത് മിനിറ്റോളം ഒച്ചവയ്ക്കുയാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവ്.

മറ്റൊരിടത്ത് ഡിവൈഎഫ്‌ഐയുടെ പ്രമുഖനായ ഒരു നേതാവ് പറയുന്നത് ജറുസലേമില്‍ നിന്ന് കൊന്ത കൊണ്ടുവരുന്നത് പോലെയാണ് യുഎഇയില്‍ നിന്ന് ഖുറാന്‍ കോപ്പികള്‍ കൊണ്ടുവരുന്നത് എന്നാണ്. തീര്‍ത്ഥാടന നഗരങ്ങളായ മക്കയും മദീനയുമൊക്കെ നിലനില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ സൗദി അറേബ്യക്ക് ലോക മുസ്ലീങ്ങളുടെ മനസ്സില്‍ വിശ്വാസപരമായ ഒരു പ്രാധാന്യമുണ്ടെന്ന് കാണം. എന്നാല്‍ ഒരു സമ്പന്ന മുസ്ലിം രാജ്യം എന്നതിനപ്പുറം യുഎഇക്ക് എന്തെങ്കിലും വിശ്വാസപരമായ പ്രത്യേകതയുണ്ടോ എന്നറിയില്ല. കേരളത്തിലുള്ള ഖുറാന്‍ മുഴുവന്‍ അറബി മലയാളത്തിലുള്ളതാണെന്നും ശുദ്ധമായ അറബിയിലുള്ള ഖുറാന്‍ ഇവിടെ കിട്ടാത്തത് കൊണ്ടാണ് വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുന്നതെന്നുമൊക്കെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ മറ്റ് വാദമുഖങ്ങള്‍.

പ്രശ്‌നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കരുതെന്ന നിലപാട് തന്നെയാണ് കാന്തപുരം വിഭാഗക്കാരായ സുന്നി യുവജന പ്രസ്ഥാനത്തിന്റെ പ്രസ്താവനയിലും കണ്ടത്. എന്നാല്‍ ‘ജലീലിന് പിന്തുണയറിയിച്ച് കാന്തപുരം’ എന്നാണ് ഇതിന് കൈരളി ന്യൂസ് നല്‍കിയ ബ്രേയ്ക്കിംഗ് തലക്കെട്ട്. ഏതായാലും ഈ പിന്തുണ വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് തന്നെയാണ് വ്യക്തത വരുത്താന്‍ കഴിയുക.

ചര്‍ച്ചകള്‍ ഇങ്ങനെയൊക്കെയുള്ള റൂട്ടിലൂടെ പോകുന്നത് ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ബിജെപിയെ ആണ്. അവരെ സംബന്ധിച്ച് ഇത് മറ്റൊരു ‘സുവര്‍ണ്ണാവസരം’ ആയിരിക്കുമല്ലോ! കള്ളക്കടത്ത്, കള്ളപ്പണം, തീവ്രവാദം സമം മുസ്ലീം എന്നൊരു സമവാക്യമുണ്ടാക്കാന്‍ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിക്കുകയാണവര്‍. പ്രബുദ്ധ കേരളത്തിന്റെ മതേതര ബോധം ഇത്രനാളും ശക്തിയോടെ തടഞ്ഞു നിര്‍ത്തിയ ആ സമവാക്യത്തെ ബിജെപിക്ക് വേണ്ടി പൂരിപ്പിച്ച് കൊടുക്കുകയാണ് ഇപ്പോള്‍ ജലീലും സിപിഎമ്മും. അത് തന്നെയാണ് അതിന്റെ അപകടവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram Gold Smuggling KT Jaleel

We use cookies to give you the best possible experience. Learn more