കോഴിക്കോട്: ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത കോപ്പിയടിച്ചു നല്‍കിയെന്ന ആരോപണം നേരിടുന്ന എം.ജെ ശ്രീചിത്രനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ശബരിമല വിഷയത്തില്‍ തന്നെ പരിഹഹിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ബല്‍റാം ശ്രീചിത്രനെ പരിഹസിച്ച് രംഗത്തെത്തിയത്.
“പ്രിയപ്പെട്ട ശ്രീചിത്രന്‍, നെഹ്രുവിന്റെ “ഇന്ത്യയെ കണ്ടെത്തല്‍” എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യില്‍ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെല്‍ഫില്‍ അതിരുന്നാല്‍ അതിലെ ഓരോ പേജും നിങ്ങള്‍ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ്”. എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
എസ് കലേഷ് എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ എന്ന കവിത ദീപാ നിശാന്തിന്റെ പേരില്‍ ഒരു സര്‍വ്വീസ് സംഘടനയുടെ മാസികയില്‍ വന്നത് ശ്രീചിത്രന്‍ പകര്‍ത്തി നല്‍കിയിട്ടാണെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് ബല്‍റാമിന്റെ പരിഹാസം.
“ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാള്‍ തൊട്ടടുത്തുണ്ടായിട്ടും ഞാന്‍ ആ കുട്ടിക്ക് മാറിക്കൊടുത്തു പോയല്ലോ എന്ന സങ്കടം എന്നെ വന്നു പൊതിയുന്നു. എന്നായിരുന്നു നെഹ്‌റുവിന്റെ “ഇന്ത്യയെ കണ്ടെത്തല്‍” എന്ന പുസ്തകം ബല്‍റാമിന്റെ സാന്നിധ്യത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് കൈമാറുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രിചത്രന്‍ മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ നഹ്റു അനുസ്മരണ പ്രഭാഷണ പരിപാടിയ്ക്കിടെയായിരുന്നു ശ്രീചിത്രന്‍ പുസ്തകം കൈമാറിയത്.
അതേസമയം തനിക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ശ്രീചിത്രന്റെ വിശദീകരണം. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“കലേഷിന്റെ കവിത ദീപയുടെ പേരില്‍ വന്നു എന്നായിരുന്നല്ലോ വിവാദം. അത് നടന്നുകൊണ്ടിരിക്കുമ്പോള്‍ “കലേഷിന്റെ കവിത ഞാന്‍ എഴുതിയെടുത്ത് കലേഷിന്റെ പേര് വെട്ടി, എന്റെ പേര് എഴുതി പിന്നെ എന്റെ പേര് വെട്ടി, പിന്നെ ദീപയുടെ പേരിലാക്കി പ്രസിദ്ധീകരിച്ചു” എന്നാണോ? അതോ “ഞാന്‍ കലേഷിന്റെ പേര് വെട്ടി പേരൊന്നുമില്ലാതെ ദീപയുടെ പേരില്‍ ദീപയ്ക്ക് വേണമെങ്കില്‍ പ്രസിദ്ധീകരിച്ചോളൂ എന്നു പറഞ്ഞ് ദീപയ്ക്ക് കൊടുക്കുന്നു, എന്നിട്ട് ദീപ പ്രസിദ്ധീകരിക്കുന്നു” എന്നാണോ? എങ്ങനെ പറഞ്ഞാലും ഇത് വളരെ വിചിത്രമായിട്ടുള്ള വാദമാണ്”. എന്നായിരുന്നു ശ്രീചിത്രന്‍ പറഞ്ഞത്.