പാലക്കാട്: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം.
സീതാറാം യെച്ചൂരിക്ക് നേരെയുള്ള സംഘ് പരിവാര്‍ അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്നും വി.ടി പറയുന്നു.
നേരത്തെ, യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു എന്നായിരുന്നു വി.എസ് അച്യുതാനന്ദന്റെ പ്രതികരണം.
ആക്രമണം നടത്തിയ സംഘടനയെ രാജ്യത്ത് നിരോധിക്കണമെന്നും ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി തുറുങ്കിലടക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നേരത്തെ, യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. യെച്ചൂരിയ്‌ക്കെതിരായ ആക്രമണം അപലപനീയമാണെന്നു പറഞ്ഞ പിണറായി വിജയന്‍ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും പറഞ്ഞു.
നേരത്തെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.
സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതു കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പറഞ്ഞ യെച്ചൂരി അതില്‍ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നില്‍ വെച്ചാണ് യെച്ചൂരിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. വാര്‍ത്താസമ്മേളനത്തിനായി എത്തിയ യെച്ചൂരി പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്.
ആക്രമണത്തില്‍ താഴെ വീണ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിക്കുന്നത്. അക്രമികളെ പൊലീസ് എത്തി ഉടനെ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു.
എ.കെ.ജി ഭവനുചുറ്റും പൊലീസ് സുരക്ഷാ ഒരുക്കിയിരുന്നെങ്കിലും അതിനിടെ നുഴഞ്ഞുകയറിയെത്തിയ സംഘപരിവാറുകാരാണ് അക്രമണം നടത്തിയത്.
യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍സ്ഥാപിച്ചിരുന്നു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് അക്രമികള്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.