സി.പി.ഐ.എമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുള്ള പ്രദേശത്ത് ആര്‍.എസ്.എസുക്കാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കില്‍ അയാള്‍ക്ക് ധൈര്യം പകര്‍ന്നതാര്? വി.ടി. ബല്‍റാം
കോഴിക്കോട്: പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അധ്യാപിക അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറിഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ദാസ് അധ്യാപികയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.ടി. ബല്‍റാം പ്രതികരിച്ചത്.
‘ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല’ എന്ന് സി.പി.ഐ.എമ്മുകാര്‍ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റര്‍ മാത്രം അകലെ ഒരു സി.പി.ഐ.എമ്മുകാരനെ കൊന്ന കേസിലെ ആര്‍.എസ്.എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞത്.
പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാന്‍ പുറത്തുനിന്ന് രണ്ട് പാര്‍ട്ടി സഖാക്കള്‍ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സി.പി.ഐ.എമ്മില്‍ വലിയ വിഭാഗീയതയുണ്ടായതും അത് വളര്‍ന്ന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓര്‍മയിലുണ്ട്.
മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയില്‍ 24 മണിക്കൂറും പൊലീസ് ബന്തവസും സി.പി.ഐ.എമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആര്‍.എസ്.എസുക്കാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കില്‍ അതിനയാള്‍ക്ക് ധൈര്യം പകര്‍ന്നതാരാണ്.
ഒന്നുകില്‍ ഇരുവശത്തേയും ഉന്നത നേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം, അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.എം ഗ്രൂപ്പ് വഴക്ക്, ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം,’ വി.ടി ബല്‍റാം പറഞ്ഞു.
പുന്നോല്‍ അമൃതവിദ്യാലയത്തിലെ അധ്യാപിക ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മയാണ് അറസ്റ്റിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിജില്‍ ദാസിന് രേഷ്മ വീട് ഒരുക്കി നല്‍കിയത്. ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് നിജില്‍ ഫോണ്‍ വിളിച്ചത്.
17 മുതല്‍ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വീടിന്റെ ഉടമയായ രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് ആര്‍.എസ്.എസ് ബന്ധമാണുള്ളതെന്ന് പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരന്‍ പറഞ്ഞിരുന്നു. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍.എസ്.എസ് അനുകൂല നിലപാടാണ് പ്രശാന്ത് സ്വീകരിച്ചതെന്നും സി.പി.ഐ.എം അറിയിച്ചിട്ടുണ്ട്.
Content Highlights: VT Balram criticize CPIM in Haridasan murder issue