തിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിച്ചതില്‍ രൂക്ഷവിമര്‍ശനുവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വി.ടി ബല്‍റാം ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് പിണറായി വിജയനും കൂട്ടരുമാണെന്നും അതുപോലെ ‘ഇടതുപക്ഷ’ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണെന്നും ബല്‍റാം വിമര്‍ശിച്ചു.
‘ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സി.പി.ഐ.എമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട്, അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്.
എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും ‘ഇടതുപക്ഷ സ്വഭാവം’ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല.
അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ‘ഇടതുപക്ഷ’ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ ‘ഇടതുപക്ഷം’ ?, വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
അതേസമയം, എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് സമൂഹ മാധ്യമങ്ങളിലുയരുന്നത്.
എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്കെത്തുന്ന വാര്‍ത്തയ്‌ക്കൊപ്പം ശ്രീകുമാര്‍ ബി.ജെ.പിക്ക് അനുകൂലമായി രംഗത്തു വന്നിരുന്നതിന്റെ വാര്‍ത്തകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.