| Thursday, 5th April 2018, 8:51 pm

'സഭയില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ചെയ്തിട്ടില്ല'; മെഡിക്കല്‍ കോളജ് വിവാദത്തില്‍ വ്യക്തത വരുത്തി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് താന്‍ വിട്ടുനിന്നെന്ന് വ്യക്തമാക്കി വി.ടി ബല്‍റാം. ബില്ലിനെ എതിര്‍ത്ത് സഭയില്‍ സംസാരിച്ച ഏക വ്യക്തിയായിരുന്നു വി.ടി. അദ്ദേഹം വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ക്രമപ്രശ്‌നമായി ബില്ലിനോടുള്ള എതിരഭിപ്രായം ആദ്യം അറിയിച്ചിരുന്നതായും എന്നാല്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ ക്രമപ്രശ്‌നം തള്ളിയെന്നും വി.ടി കുറിപ്പില്‍ വ്യക്തമാക്കി. തുടര്‍ന്നും ആ പ്രക്രിയയില്‍ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് സഭ വിട്ട് പുറത്ത് പോയെന്നും അദ്ദേഹം പറഞ്ഞു.


Read Also: റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്; വീട്ടില്‍ നിന്ന് വാള്‍ കണ്ടെടുത്തു


ഈ വിഷയത്തില്‍ പാര്‍ട്ടി വിപ്പ് ഇല്ലായിരുന്നു. അതിനാല്‍ പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആ സ്വാന്ത്ര്യം ഉപയോഗിച്ചാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം പറഞ്ഞത്. – അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇന്നലെ സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്ന് ബഹു. സ്പീക്കർ ക്രമപ്രശ്നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തത്.

നിയമനിർമ്മാണ ചർച്ചകളിൽ അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ എംബരാസ്മെൻറ് സൃഷ്ടിക്കുന്നത് പാർലമെന്ററി രീതികൾക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയത്.

NB: ഞാൻ വോട്ടെടുപ്പിൽ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതും പലരും ഇൻബോക്സിൽ വന്ന് ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നൽകുന്നു എന്ന് മാത്രം.


Read Also: മുഹമ്മദ് ബിന്‍ സല്‍മാനും സൗദിയിലെ പരിവര്‍ത്തനത്തിന്റെ യുഗപ്പകര്‍ച്ചയും


കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് പിന്നീട് സുപ്രീം കോടതി കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബില്‍ പാസാക്കിയത്. വി.ടി ബല്‍റാം മാത്രമായിരുന്നു കഴിഞ്ഞ ദിവസം ബില്ലിനെതിരെ രംഗത്തു വന്നിരുന്നത്.

കേരള നജ്വത്തുല്‍ മുജാഹീദീന്റെ കീഴിലാണ് കരുണ മെഡിക്കല്‍ കോളേജ്. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോളജിന്റെ പ്രവര്‍ത്തനം. ഈ കോളേജിലെ 31 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സിലൂടെ സാധുവാക്കിയത്. വന്‍ തുകയാണ് മാനേജ്‌മെന്റ് പ്രവേശനത്തിന് തലവരിപ്പണമായി വാങ്ങിയത്. പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെ 45 ലക്ഷം രൂപ വരെ തലവരിപ്പണമായി മാനേജ്മെന്റ് വാങ്ങിയിട്ടുണ്ടെന്നാണ് രേഖകള്‍. മാനേജ്‌മെന്റിനെയും സംഘടനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സ് എന്നാണ് ആരോപണം.


Read Also: സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടി; എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെയെന്നും വി.എം സുധീരന്‍


അതേസമയം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിരിക്കുന്ന സ്ഥലം കൈമാറിയത്. കറപ്പത്തോട്ടമായിരുന്ന സ്ഥലം ഭൂമികൈമാറ്റ നിയമം ലംഘിച്ചാണ് കാന്തപുരം വാങ്ങിയതും കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു. 137 വിദ്യാര്‍ത്ഥികളുടെ അഡ്മിഷനാണ് ഇവിടെ ഓര്‍ഡിനന്‍സ് വഴി സാധുവാക്കിയെടുത്തത്.

We use cookies to give you the best possible experience. Learn more