| Wednesday, 5th February 2020, 6:01 pm

'ഇരട്ടചങ്കന്‍ ഇമേജിന്റെ തടവറയില്‍ കഴിയാതെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ'; അലന്‍-താഹ കേസ് എന്‍.ഐ.എയില്‍ നിന്നും തിരിച്ചുനല്‍കാന്‍ അപേക്ഷിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഐ.ഐ ഏറ്റെടുത്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ് കേന്ദ്രത്തില്‍ നിന്ന് തിരിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ. വൈകിയെങ്കിലും മുഖ്യമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”അമിത് ഷായ്ക്ക് മുന്‍പില്‍ താന്‍ കൈ നീട്ടണോ’ എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകര്‍ഷതയില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നുമുയര്‍ന്നതാണ്. എന്നാല്‍ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. അന്തമില്ലാത്ത ആരാധകര്‍ ചാര്‍ത്തിത്തരുന്ന ഇരട്ടചങ്കന്‍ ഇമേജിന്റെ തടവറയില്‍ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമര്‍ശനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്ക് തുടര്‍ന്നും കഴിയട്ടെ എന്നാശംസിക്കുന്നു.” വി.ടി ബല്‍റാം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച്ച അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കേസ് സംസ്ഥാന പൊലീസില്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചത്. കേസ് എന്‍.ഐ.എയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന മുഖ്യമന്ത്രി ബുധനാഴ്ച്ച ആഭ്യന്തര മന്ത്രിയ്ക്ക് കത്തയക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

എന്‍ഐഎ ഏറ്റെടുത്ത അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ് കേന്ദ്രത്തില്‍ നിന്ന് തിരിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഇന്നലെ ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച മുഖ്യമന്ത്രി വൈകിയെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. ‘അമിത് ഷായ്ക്ക് മുന്‍പില്‍ താന്‍ കൈ നീട്ടണോ’ എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകര്‍ഷതയില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നുമുയര്‍ന്നതാണ്. എന്നാല്‍ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. അന്തമില്ലാത്ത ആരാധകര്‍ ചാര്‍ത്തിത്തരുന്ന ഇരട്ടചങ്കന്‍ ഇമേജിന്റെ തടവറയില്‍ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമര്‍ശനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്ക് തുടര്‍ന്നും കഴിയട്ടെ എന്നാശംസിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന പോലീസ് യുഎപിഎ ചുമത്തിയതിനാലും പ്രതികള്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പരസ്യമായി മുദ്രകുത്തിയതിനാലുമാണ് എന്‍ഐഎയ്ക്ക് കടന്നുവരാനുള്ള ഇടമൊരുങ്ങിയത്. എന്നാല്‍ ഇത്ര ഗുരുതരമായ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഏര്‍പ്പെട്ടിരുന്നോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഏതാനും ലഘുലേഖകള്‍ കണ്ടെടുത്തു എന്നല്ലാതെ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന എന്തെങ്കിലും തെളിവ് പൊലീസിന് ഇതുവരെ ലഭിച്ചതായും സൂചനയില്ല. അത്യാവശ്യം വായനയും സാമൂഹിക ബോധവുമുള്ള ചെറുപ്പക്കാരെ സംബന്ധിച്ച് അത്തരം പുസ്തകങ്ങളും ലഘുലേഖകളും കയ്യിലുണ്ടാവുക എന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അത്ര കുറ്റകരമായി കാണേണ്ടതല്ല. ചോരത്തിളപ്പ് മൂലം ഏതെങ്കിലും വിധ്വംസകാശയങ്ങളോട് അടുപ്പം തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ അവരുടെ പ്രായത്തെ മാനിച്ച് അവര്‍ക്ക് കൗണ്‍സലിംഗും ബോധവല്‍ക്കരണവും ഒക്കെ നല്‍കി ഉത്തമ പൗരത്വത്തിന്റെ പാതയിലേക്ക് ആ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരാനാണ് നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് കഴിയേണ്ടത്, അല്ലാതെ ഒറ്റയടിക്ക് അവരെ പിടിച്ച് ജയിലിലടച്ച് നമ്മുടെ വ്യവസ്ഥിതിയില്‍ നിന്ന് അവരെ കൂടുതല്‍ അന്യവല്‍ക്കരിക്കാനല്ല. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും പുറകിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ കൂടി മനസ്സിലാക്കി മനഃശാസ്ത്രപരമായി ഇടപെടുന്ന ഒരു ശാസ്ത്രീയ പൊലീസിംഗാണ് ഈ ആധുനിക കാലത്ത് നമ്പര്‍ വണ്‍ കേരളത്തില്‍ ഉണ്ടാവേണ്ടത്.

We use cookies to give you the best possible experience. Learn more