|

കേരളത്തിലെ കാര്യം പറയുമ്പോള്‍ രാജസ്ഥാനിലേക്ക് പോവാന്‍ പറയരുത്; രാജസ്ഥാനില്‍ സി.പി.ഐ.എം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇതിനെതിരെ സമരം നടത്താം: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രം പെട്രോള്‍-ഡീസല്‍ വില കുറച്ചതിന് പിന്നാലെ കേരളം വില കുറയ്ക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കേരളത്തിന്റെ കാര്യം പറയുമ്പോള്‍ കേരളത്തിലെ കാര്യം പറയണമെന്നും, അതല്ലാതെ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

കേരളം പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നില്ല എന്ന ആരോപണമുന്നയിച്ചപ്പോള്‍, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇത്തരത്തില്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്ന ഡി.വൈ.എഫ്.ഐ നേതാവിന് മറുപടിയായാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.

‘കേരളത്തിലെ കാര്യമാണ് ഞങ്ങള്‍ പറയുന്നത്. കേരളത്തിലാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്. അത് പറയുമ്പോള്‍ രാജസ്ഥാനിലേക്ക് പോവുകയല്ല വേണ്ടത്. രാജസ്ഥാനില്‍ പ്രതിപക്ഷം ഉണ്ടെങ്കില്‍, സി.പി.ഐ.എം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇതിനെതിരെ സമരം നടത്താം. അല്ലാതെ ഞങ്ങളോട് ചോദിക്കുക അല്ല വേണ്ടത്,’ ബല്‍റാം പറഞ്ഞു.

കേരളത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സൃഷ്ടിച്ച മാതൃകയുണ്ടെന്നും, സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് മേല്‍ ചുത്തുന്നത് നികുതി മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അധിക വരുമാനം കേരളത്തിലെ ഓട്ടോ തൊഴിലാളികളികള്‍ക്കും, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും വീതിച്ചു നല്‍കണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ മാതൃക തങ്ങള്‍ സ്വീകരിക്കില്ലെന്നും, ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കലയളവില്‍ 13 തവണ വില്‍പന നികുതി കൂട്ടിയ ശേഷമാണ് അല്‍പമെങ്കിലും കുറച്ചതെന്നും ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. കൂടാതെ, അന്നുണ്ടായതില്‍ നിന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അല്‍പം പോലും നികുതി കൂട്ടിയിട്ടില്ലെന്നും, മറിച്ച് കുറയ്ക്കുകയാണ് ചെയ്തത് എന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേരളം നികുതി കുറക്കേണ്ടതില്ല എന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിരുന്നത്.

സി.പി.ഐ.എം സംസ്ഥാന സമിതിയുടെ വ്യാഴ്യാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര തീരുമാനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വില കുറച്ചിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന ന്യായമാണ് സി.പി.ഐ.എം മുന്നോട്ടുവെക്കുന്നത്.

കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നുമാണ് ധനമന്ത്രി കെ. ബാലഗോപാല്‍ പറഞ്ഞത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചു.

നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരെ മാത്രമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 Content Highlight: VT Balram against  state government