| Tuesday, 24th May 2022, 10:03 pm

എം.എം. മണിയെ സഖാവെന്ന് പറഞ്ഞ് തോളത്തെടുത്തുവെയ്ക്കുന്നവര്‍ അനുഭവിക്കട്ടെ; സി.പി.ഐ.എം അതിജീവിതക്കൊപ്പമല്ലെന്ന് തെളിഞ്ഞു: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി.പി.ഐ.എം നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

സി.പി.ഐ.എം അതിജീവിതക്കൊപ്പമല്ലെന്നും, ഭരണകൂടത്തിന് തുടക്കം മുതല്‍ ഒതുക്കിത്തീര്‍ക്കാനാവാതെ പോയ കേസാണ് ഇതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.


‘ഇന്നു രാവിലെ അതിജീവിതക്കെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ അധിക്ഷേപത്തിന്റെ വാര്‍ത്ത വായിച്ച അമ്പരപ്പില്‍ അതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോഴും അതൊരു ഒറ്റപ്പെട്ട പരാമര്‍ശമോ ഒരുവേള ജയരാജന്റെ പതിവ് നാക്കുപിഴയോ ആയിരിക്കുമെന്നാണ് വിചാരിച്ചത്. അദ്ദേഹമത് തിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിജീവിതക്കെതിരായി കൂടുതല്‍ രൂക്ഷമായ വിമര്‍ശനവുമായി കടന്നുവന്നത് സി.പി.ഐ.എമ്മിന്റെ സാക്ഷാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍! അതിജീവിതയുടെ പരാതിയില്‍ ദുരൂഹതയുണ്ടത്രേ!

പിന്നീട് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയായ ആന്റണി രാജുവും അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായ എം.എം. മണിയുടെ പരാമര്‍ശങ്ങളേക്കുറിച്ച് ഇവിടെ പറയാനേ ഉദ്ദേശിക്കുന്നില്ല. അയാളെയൊക്കെ ആശാനെന്നും സഖാവെന്നുമൊക്കെ പൊലിപ്പിച്ച് തോളത്തെടുത്തു വയ്ക്കുന്നവര്‍ തന്നെ അനുഭവിക്കട്ടെ,’ വി.ടി. ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ഇനി നിരത്താനിരിക്കുന്ന ന്യായീകരണങ്ങളും വിതറാനൊരുങ്ങുന്ന ക്യാപ്‌സ്യൂളുകളും എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും കേരളത്തിലെ സി.പി.ഐ.എം ഇനി മുതല്‍ ഈ കേസിലെ അതിജീവിതക്കൊപ്പമല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നുവെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

‘പുറമേയ്ക്ക് അവര്‍ എന്തൊക്കെ മറിച്ച് പറഞ്ഞാലും തൃക്കാക്കരയില്‍ പി.ടി. തോമസ് എന്ന ആര്‍ജവമുള്ള ജനപ്രതിനിധി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഭരണകൂടത്തിന് തുടക്കം മുതല്‍ ഒതുക്കിത്തീര്‍ക്കാനാവാതെ പോയ കേസാണ് ഇത് എങ്കിലും, ഇപ്പോഴത്തെ ചോദ്യം തൃക്കാക്കരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമായിട്ടാണ്: നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസമില്ല എന്ന് അവര്‍ തന്നെ പ്രഖ്യാപിച്ച സര്‍ക്കാരിനൊപ്പമോ,’ വി.ടി. ബല്‍റാം ചോദിച്ചു.

Content Highlights: VT Balram against remarks CPI (M) in the case of attacking the actress

We use cookies to give you the best possible experience. Learn more