| Friday, 14th January 2022, 2:12 pm

ലാവ്‌ലിന്‍ കേസില്‍ വിചാരണ പോലും നേരിടാതെ രക്ഷപ്പെട്ടയാളാണ് ഇപ്പോഴും ആഭ്യന്തര മന്ത്രി; ഫ്രാങ്കോ കേസില്‍ പരിഹാസവുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി. ബല്‍റാം രംഗത്ത്.

വിചാരണ പോലും നേരിടാതെ ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട ആള്‍ തന്നെയാണ് ഇപ്പോഴും ആഭ്യന്തര മന്ത്രിയെന്നും പ്രതികള്‍ക്കനുകൂലമായ തെളിവുകള്‍ മാത്രമാണ് പൊലീസ് ഹാജരാക്കുന്നതെന്നും ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി.ടി. ബല്‍റാം പറയുന്നു.

വാളയാര്‍, പാലത്തായി കേസുകളിലും ഫ്രാങ്കോ കേസിന് സമാനമായ ഇടപെടലുകളാണ് ഉണ്ടായത്. ഒന്നിനും തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ, പ്രൊസിക്യൂഷനോ സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് അനുകൂലമായ തെളിവുകളാണ് ഹാജറാക്കിയിട്ടുള്ളത്.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ഇപ്പോഴും ലാവ്‌ലിന്‍ കേസില്‍ വിചാരണ പോലും നേരിടാതെ രക്ഷപ്പെട്ട ആള്‍ തന്നെയാണെന്നും വി.ടി. ബല്‍റാം ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 2022ലെ കേരള സര്‍ക്കാറിന്റെ ഡയറിയിലുള്ള മുഖ്യമന്ത്രിയുടെ വിവരങ്ങല്‍ ഉള്‍പ്പെടുന്ന പേജിന്റെ ചിത്രവും വി.ടി. ബല്‍റാം ഫേസ് ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി പുറത്ത് വന്നത്. കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയാണ് ചെയ്തത്. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.


ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധി കേട്ട ശേഷം ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അദ്ദേഹം എല്ലാവരോടുമായി കൈകൂപ്പുകയായിരുന്നു. വിധി കേട്ട ശേഷം കോടതി മുറിയില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം അഭിഭാഷകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്.

ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: VT Balram against Pinarayi Vijayan in the context of Bishop Franco Mulakkal case

We use cookies to give you the best possible experience. Learn more