| Sunday, 28th June 2020, 8:22 pm

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം'; പുതിയ ആരോപണവുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വി.ടി ബല്‍റാം. 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍നടത്തുന്ന എക്‌സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടാണെന്നാണ് ബല്‍റാമിന്റെ ആരോപണം.

3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനാണ് നല്‍കിയത്. എന്നാല്‍ ചട്ടം ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ നല്‍കിയത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേക്ക് നിരോധിച്ച കമ്പനിയാണിത്. സത്യം കുംഭകോണത്തിലടക്കം കമ്പനിക്കെതിരെ ഗുരുതരമായ ഒന്‍പതുകേസുകള്‍ നിലനില്‍ക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്,’ ചെന്നിത്തല പറഞ്ഞു.

ഇരുപതാം ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എപി ഷാ കണ്‍സള്‍ട്ടന്‍സിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും കരാറുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലായിരുന്നു സര്‍ക്കാര്‍. ലണ്ടന്‍ കമ്പനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്നും ചെന്നിത്തല ചോദിച്ചു.

റീബില്‍ഡ് കേരള കണ്‍സള്‍ട്ടന്‍സി കരാര്‍ കെ.പി.എം.ജിക്ക് നല്‍കിയതിലും അഴിമതി ഉണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് ഗതാഗതി മന്ത്രി ഇത് അറിഞ്ഞോ എന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


 

We use cookies to give you the best possible experience. Learn more