| Saturday, 26th October 2019, 9:45 pm

'നിങ്ങള്‍ക്ക് ഇതുതന്നെയാണോ പണി?'; എ.കെ ബാലനെ തലോടി, മുഖ്യമന്ത്രിയെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശിച്ച് വാളയാര്‍ക്കേസില്‍ വി.ടി ബല്‍റാമിന്റെ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാളയാര്‍ക്കേസില്‍ മന്ത്രി എ.കെ ബാലനെ പരോക്ഷമായി പിന്താങ്ങിയും മുഖ്യമന്ത്രിയെയും മാധ്യമപ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ചും വി.ടി ബല്‍റാം എം.എല്‍.എ. നിങ്ങള്‍ക്ക് ശരിക്കും എന്താണു പണിയെന്ന തലക്കെട്ടോടുകൂടിയിട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

ക്രിമിനല്‍ക്കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ലെന്ന് പറയുന്ന ബല്‍റാം, തലക്കെട്ടില്‍ മാത്രമാണു ബാലനെ വിമര്‍ശിക്കുന്നത്. പോസ്റ്റിന്റെ ബാക്കി ഉള്ളടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്കു മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് ‘നിങ്ങള്‍ക്ക് ഇതുതന്നെയാണോ പണി’ എന്നു ബല്‍റാം ചോദിച്ചു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

>>പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം:

നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?<<
…………………………..

ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല.

ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല.

സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പോലീസാണ്. ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്.

എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം

നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി?

We use cookies to give you the best possible experience. Learn more