| Tuesday, 26th September 2017, 4:32 pm

ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മ അന്ന രാജിനോട് മമ്മൂട്ടി മാപ്പുപറയണം: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി.ടി ബല്‍റാം പറഞ്ഞു.

അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു.


Dont Miss വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികള്‍ മതംമാറരുത്: ഹാദിയയെ താന്‍ അഖിലയെന്ന് വിളിക്കുകയാണെന്നും എം.സി ജോസഫൈന്‍


ഒരു ചാനലിലെ പരിപാടിയില്‍ അന്ന മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇത് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ കടുത്ത ആക്രമണമായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞായിരുന്നു പ്രതികരിച്ചത്.

“കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്ന്? ഞാന്‍ പറഞ്ഞു, ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ക്കര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്.

അതൊരു തമാശയായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനല്ല. പക്ഷെ ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം വളച്ചൊടിച്ചു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല”- അന്ന പറഞ്ഞു.

We use cookies to give you the best possible experience. Learn more