| Friday, 11th June 2021, 6:32 pm

'കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഡാലോചന നടത്തിയവരും'; വി.ഡി. സവര്‍ക്കറിന്റെയും കുഞ്ഞനന്തന്റെയും ചിത്രം പങ്കുവെച്ച് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃത്താല: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനക്കേസിലെ പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ ചരമ വാര്‍ഷികത്തില്‍ കേസിലെ പ്രതിയായ ഷാഫി പങ്കെടുത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഡാലോചന നടത്തിയവരും എന്ന് പറഞ്ഞുകൊണ്ട് വി.ഡി സവര്‍ക്കറും ഗാന്ധി കൊലപാതക കേസിലെ പ്രതികളും ഒപ്പമുള്ള ചിത്രവും പി.കെ കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപത്തില്‍ എത്തിയ ഷാഫിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്മൃതിമണ്ഡപം വെള്ളിയാഴ്ചയാണ് മുന്‍ മന്ത്രിയുടെ മുന്‍ മന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയതത്.

വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പി.കെ. കുഞ്ഞനന്തനെന്നും വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ജയരാജന്‍ പറഞ്ഞു. കെ.പി. മോഹനന്‍ എം.എല്‍.എ, എം.വി. ജയരാജന്‍, പി. ജയരാജന്‍, പി. ഹരീന്ദ്രന്‍, കെ.ഇ. കുഞ്ഞബ്ദുല്ല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പാറാട് ലോക്കല്‍ കമ്മിറ്റി ഓഫിസായ നായനാര്‍ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ പി.കെ. കുഞ്ഞനന്തന്‍ സ്മാരക ഹാള്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 13 ാം പ്രതിയായിരുന്നു പി.കെ കുഞ്ഞനന്തന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ 11നായിരുന്നു കുഞ്ഞനന്തന്‍ അന്തരിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സി.പി.ഐ.എം. പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.

കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഷാഫി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

VT Balram against Kunjananthan memorial and accused in TP murder case shafi

We use cookies to give you the best possible experience. Learn more