| Thursday, 2nd April 2020, 11:49 pm

ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്?; വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയദുരിതവും കൊറോണ ദുരിതവും ഒരു പോലയല്ലെന്നും സാലറി ചാലഞ്ചിലൂടെ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കേണ്ട കാര്യമില്ലെന്നും വി.ടി ബല്‍റാം എം.എല്‍.എ. ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണെന്നും വി.ടി ബല്‍റാം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

പ്രതികരണത്തിന്റെ മുഴുവന്‍ രൂപം

പ്രളയകാലത്തേത് പോലെ സർക്കാർ വീണ്ടും സാലറി ചലഞ്ചുമായി വരികയാണ്. മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധിയുടെ ആഹ്വാന പ്രകാരം ഞാനടക്കമുള്ള കോൺഗ്രസ് ജനപ്രതിനിധികൾ ഒരു മാസത്തെ ശമ്പളം അന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാൽ പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയാണോ? ആദ്യ പ്രളയത്തിൽ മാത്രം 20,000 ഓളം വീടുകൾ തകർന്നുപോയി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. സ്ക്കൂളുകളും ആശുപത്രികളും അംഗൻവാടികളും കനാലുകളുമടക്കം നിരവധി പൊതുമുതൽ നശിച്ചുപോയി. അത് മുഴുവൻ പുനർനിർമ്മിക്കാൻ ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നത്. ഇരകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയുണ്ടായി. കടയിൽ വെള്ളം കയറി സ്റ്റോക്ക് നശിച്ച കച്ചവടക്കാർക്ക് ചെറിയ നഷ്ട പരിഹാരമെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനൊക്കെ സർക്കാരിനെ സാമ്പത്തികമായി സഹായിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമായി മാറി.

എന്നാൽ ഈ കൊറോണ ദുരിതകാലത്ത് കേരള സർക്കാരിന് ആ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ? സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ജനങ്ങൾക്കുണ്ടായിരിക്കുന്നത് പരിമിതമായ സൗജന്യ റേഷൻ മാത്രമാണ്. എന്നാൽ അതിൽപ്പോലും ഏറ്റവും പാവപ്പെട്ടവർക്ക് പുതുതായ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. അന്ത്യോദയ അന്നയോജന (AAY)ക്കാർക്ക് നേരത്തേത്തന്നെ 35 കിലോഗ്രാം ധാന്യങ്ങൾ പൂർണ്ണ സൗജന്യമായിരുന്നു. ഇപ്പോഴും അത്രയേ ഉള്ളൂ. പ്രയോറിറ്റിക്കാർക്ക് നേരത്തെ 2 രൂപക്ക് കിട്ടിയിരുന്ന അരി ഇപ്പോൾ സൗജന്യമായി നൽകുന്നു. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി 50 രൂപയുടെ ആനുകൂല്യം ലഭിച്ചേക്കാം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട പണക്കാർക്ക് നേരത്തെ 10.90 രൂപക്ക് ലഭിച്ചിരുന്ന അരി ഇപ്പോൾ 15 കിലോ സൗജന്യമാണ്. ഒരു കുടുംബത്തിന് ഏതാണ്ട് 160 രൂപയുടെ ലാഭം. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട മഹാഭൂരിപക്ഷവും റേഷനരി വാങ്ങാറില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ റേഷൻ സൗജന്യം മൂലം സർക്കാരിനുണ്ടാവുന്ന നഷ്ടം നാമമാത്രമാണ്. പരമാവധി ഒരു 25-30 കോടി മാത്രം.

ഇനി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നൽകുമെന്ന് പറയുന്നു. അതിൻ്റെ ചെലവ് 350 കോടിയോളമാണ് കണക്കാക്കുന്നത്. 6 ലക്ഷത്തോളം വരുന്ന AAYക്കാർക്ക് മാത്രമേ അടുത്ത രണ്ടാഴ്ചക്കുള്ളിൽ നൽകാൻ ഉദ്ദേശിക്കുന്നുള്ളൂ. ഏപ്രിൽ അവസാനത്തോടെ മാത്രമേ പ്രയോറിറ്റിക്കാർക്ക് നൽകുന്നുള്ളൂ. മറ്റുള്ളവർക്ക് നൽകുമ്പോഴേക്ക് മേയ് ആകും. ഏപ്രിൽ 14ന് ലോക്ക്ഡൗൺ പിൻവലിച്ചാൽ പിന്നെ എത്ര പേർക്ക് നൽകുമെന്ന് കണ്ടറിയണം.

ക്ഷേമ പെൻഷൻ കുടിശ്ശിക 6 മാസത്തേത് ഉണ്ടായിരുന്നതിൽ 2019 നവംബർ വരെയുള്ള വെറും 2 മാസത്തേതാണ് ഇപ്പോൾ കൊടുത്തത്. ബാക്കിയുള്ള 4 മാസത്തേത് കൂടി കൊടുത്താലും അത് സർക്കാരിന് അധികച്ചെലവല്ല, നേരത്തേ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതാണ്. കോൺട്രാക്ടർമാരുടെ കുടിശ്ശികയും തൊഴിലുറപ്പുമടക്കം 20,000 കോടിയുടെ പാക്കേജിൻ്റെ പുറകിലെ പൊള്ളത്തരം നേരത്തേത്തന്നെ എല്ലാവർക്കും ബോധ്യമായിട്ടുള്ളതാണ്.

അതായത് സർക്കാരിന് കോവിഡ് ദുരിതാശ്വാസം മൂലം അധികമായി വേണ്ടിവരുന്നത് വെറും 400 കോടിയോളം രൂപയാണ്. എന്നാൽ ഒരു മാസത്തെ ശമ്പളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്താൽ സർക്കാരിന് ലാഭം 3200 കോടിയാണെന്ന് സാരം. പ്രളയ സമയത്തെ സാലറി ചലഞ്ചിലൂടെ ഏതാണ്ട് 2400 കോടി സർക്കാരിന് ലഭിച്ചിരുന്നു.

ചോദ്യം സിമ്പിളാണ്, ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? ബാക്കിയുള്ള തുക കൂടി ഏറ്റവും അർഹരായവർക്ക് കൈമാറാനുള്ള പദ്ധതി പ്രഖ്യാപനങ്ങളൊന്നും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാരിൻ്റെ ധൂർത്തും പാഴ്ച്ചെലവും സ്മാരക നിർമ്മാണങ്ങളുമൊക്കെ തൽക്കാലത്തേക്ക് മാറ്റിവച്ചാൽത്തന്നെ സാമാന്യം നല്ലൊരു തുക ലാഭിക്കാൻ കഴിയുമല്ലോ!

20,000 കോടിയുടെ പാക്കേജ് പ്രഖ്യാപന സമയത്ത് ധനമന്ത്രി അവകാശപ്പെട്ടിരുന്നത് ജനങ്ങളുടെ കയ്യിൽ എത്രയും വേഗം പണം എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം എന്നായിരുന്നു. എന്നാൽ മാത്രമേ മാർക്കറ്റിനെ ചലനാത്മകമാക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. എന്നാലിപ്പോൾ ജനങ്ങൾക്ക് പണമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിന് വിപരീതമായി പണം ജനങ്ങളിൽ നിന്നും മാർക്കറ്റിൽ നിന്നും തിരിച്ച് പിടിക്കുന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിക്കാൻ പോകുന്നത്.

ഇതെന്ത് തലതിരിഞ്ഞ സർക്കാരാണ്?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more