Kerala News
ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോര്‍ജിനെയാണ് സി.പി.ഐ.എം കാത്തിരിക്കുന്നത്: ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 30, 05:54 pm
Saturday, 30th April 2022, 11:24 pm

തിരുവനന്തപുരം: ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന പി.സി. ജോര്‍ജിനെയാണ് സി.പി.ഐ.എം കാത്തിരിക്കുന്നതെന്ന് വി.ടി. ബല്‍റാം. പി.സി. ജോര്‍ജിനെ കേസെടുത്ത് പിടിച്ച് അകത്തിടാന്‍ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാന്‍ സി.പി.ഐ.എമ്മിന് മുട്ടുകാല്‍ വിറയ്ക്കുമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

”ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോര്‍ജിനെയാണ് സി.പി.ഐ.എം കാത്തിരിക്കുന്നത്. അയാള്‍ക്കെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാന്‍ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാന്‍ സിപിഎമ്മിന് മുട്ടുകാല്‍ വിറയ്ക്കും,” ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.ഐ.എമ്മിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.

മനുഷ്യ സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.

അതേസമയം,മതവിദ്വേഷ പ്രസംഗം നടത്തിയതിന്‍ പി.സി. ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങക്കെതിരെ ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരണ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.