'എരിതീയില്‍ എണ്ണയൊഴിക്കരുത്'; തനിക്കെതിരായ ആരോപണത്തില്‍ സി.പി.ഐ.എമ്മിന് വി.ടി ബല്‍റാമിന്റെ മറുപടി
Heavy Rain
'എരിതീയില്‍ എണ്ണയൊഴിക്കരുത്'; തനിക്കെതിരായ ആരോപണത്തില്‍ സി.പി.ഐ.എമ്മിന് വി.ടി ബല്‍റാമിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 6:39 pm

കോഴിക്കോട്; ദുരന്തമുഖത്ത് രാഷ്ട്രീയം പറയരുതെന്ന മിനിമം മര്യാദ സി.പി.ഐ.എം ലംഘിച്ചെന്ന ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ. തൃത്താലയില്‍ മഴക്കെടുതിയുണ്ടാകാന്‍ കാരണം വെള്ളിയാങ്കല്ലിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്താന്‍ കഴിയാത്തതാണെന്നും അതിനുത്തരവാദി എം.എല്‍.എയാണെന്നുമുള്ള ആരോപണത്തിനു ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം മറുപടി പറയുകയായിരുന്നു.

പ്രളയത്തിന് ഒരാഴ്ച മുന്‍പുതന്നെ ഷട്ടറുകളുടെ വിവരം താന്‍ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചെന്നും 21 ഷട്ടറുകള്‍ ഏതുസമയത്തും ഉയര്‍ത്താന്‍ സജ്ജമാണെന്ന് അവര്‍ പറഞ്ഞെന്നുമാണ് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമായ ബല്‍റാം വിശദീകരിച്ചത്.

എന്നാല്‍ പതിനൊന്നോ പന്ത്രണ്ടോ ഷട്ടര്‍ മാത്രമാണ് ആവശ്യസമയത്ത് ഉയര്‍ത്താന്‍ കഴിഞ്ഞതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിന്റെ കാരണം ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയകാലത്ത് വിമര്‍ശിക്കാന്‍ ഏറെയുണ്ടായിരുന്നിട്ടും കേരളത്തിലെ പ്രതിപക്ഷവും ദുരന്തത്തിന്റെ തീവ്രനാളുകളില്‍ സര്‍ക്കാരിനു നിരുപാധിക പിന്തുണയാണു നല്‍കിയതെന്നും ഇത്തവണയും പ്രതിപക്ഷ നിലപാട് അതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ പോസ്റ്റുകളൊന്നും ഇട്ടിരുന്നില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഒന്ന്, എന്റെ ഈ അക്കൗണ്ട് ഞാന്‍ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ വിശദമായ പോസ്റ്റുകള്‍ എഴുതാനുള്ള സമയക്കുറവുണ്ടായിരുന്നു.

രണ്ട്, തൃത്താലയില്‍ സാമാന്യം വ്യാപകമായി പ്രളയക്കെടുതി ഉണ്ടായി എങ്കിലും സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളുമായുള്ള താരതമ്യത്തില്‍ അല്‍പ്പം ഭേദമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ പ്രാദേശികമായിത്തന്നെ വ്യക്തികളുടേയും സംഘടനകളുടേയും സഹായത്തോടെ സ്വരൂപിക്കാന്‍ കഴിഞ്ഞു.

അതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന സഹായങ്ങള്‍ ഏകോപിപ്പിക്കാനും മറ്റും സാമൂഹ്യ മാധ്യമങ്ങള്‍ കാര്യമായി ഉപയോഗിക്കേണ്ടി വന്നില്ല. മൂന്ന്, പുറംലോകത്തെ നിരന്തരം അപ്‌ഡേറ്റ് ചെയ്യേണ്ട വിവരങ്ങളും ദുരന്ത വാര്‍ത്തകളും തൃത്താലയില്‍ നിന്ന് താരതമ്യേന കുറവായിരുന്നു.

സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചാല്‍ ഉടന്‍ ‘ഫേസ്ബുക്ക് എംഎല്‍എ’ എന്ന് അധിക്ഷേപിക്കുകയും പോസ്റ്റ് ഇടാതിരുന്നാല്‍ അതിന്റെ പേരിലും വീണ്ടും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബര്‍ വെട്ടുകിളിക്കൂട്ടത്തെ പതിവ്‌പോലെ ഇപ്പോഴും ഒട്ടും ഗൗനിക്കുന്നില്ല. ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണില്‍ കുറ്റമാണ്.

ഈ പോസ്റ്റ് പോലും തൃത്താലക്കാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇടുന്നത്.

ദുരന്തമുഖത്ത് രാഷ്ട്രീയം പറയരുതെന്നാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ട മിനിമം മര്യാദ. കഴിഞ്ഞ തവണത്തെ പ്രളയകാലത്ത് സര്‍ക്കാരിനെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി സിപിഎം അനുഭാവികള്‍ തന്നെയാണ് ഈ വാദം ശക്തമായി ഉയര്‍ത്തിയിരുന്നത്. വിമര്‍ശിക്കാന്‍ ഏറെയുണ്ടായിരുന്നിട്ടും കേരളത്തിലെ പ്രതിപക്ഷവും ദുരന്തത്തിന്റെ തീവ്രനാളുകളില്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് നല്‍കിയത്.

ഇത്തവണയും പ്രതിപക്ഷത്തിന്റെ നിലപാട് അതു തന്നെയാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ദുരന്തമുഖത്തെ വാക്കുകളും പ്രവൃത്തിയും അത് തെളിയിക്കുന്നുണ്ട്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തൃത്താലയില്‍ പ്രളയത്തിന്റെ ഏക കാരണമായി സ്ഥലം എംഎല്‍എയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹീനമായ നെഗറ്റീവ് ക്യാമ്പയിനായിരുന്നു ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകള്‍ തൊട്ട് നിരവധി സിപിഎം പ്രൊഫൈലുകളില്‍ നിന്ന് ഒരുമിച്ച് പുറത്തുവന്നത്.

നേരത്തേയുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഇതുപോലൊരു അവസരത്തിന്നായി കാത്തുനിന്നത് പോലെയായിരുന്നു ആ പോസ്റ്റുകള്‍ ഓരോന്നും.

വെള്ളിയാങ്കല്ലിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്താന്‍ കഴിയാത്തതാണ് പെട്ടെന്ന് പുഴയില്‍ വെള്ളമുയരാന്‍ കാരണമായതെന്ന വാദത്തില്‍ പ്രഥമദൃഷ്ട്യാത്തന്നെ കഴമ്പുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ചക്ക് എംഎല്‍എയെ മാത്രം പഴിചാരുന്ന രാഷ്ട്രീയ കുടിലബുദ്ധി ഇന്നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

സമാനമായ വിഷയത്തില്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ തന്റെ പ്രദേശത്തെ ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ ശാസിക്കുന്ന വീഡിയോകള്‍ ആവേശത്തോടെ ഷെയര്‍ ചെയ്യുന്നവര്‍ തന്നെയാണ് തൃത്താലയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥരെ വെറുതെവിട്ട് എംഎല്‍എയെ മാത്രം കുറ്റപ്പെടുത്തുന്നത്.

നാട് ഭരിക്കുന്ന മന്ത്രിയേപ്പോലെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ പ്രതിപക്ഷ എംഎല്‍എക്ക് കഴിയില്ല എന്ന് വിമര്‍ശകര്‍ക്ക് അറിയാത്തതല്ല എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. പ്രളയത്തിന് ഒരാഴ്ച മുന്‍പ് തന്നെ ഷട്ടറുകളുടെ വിവരം ഞാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചിരുന്നു.

സാങ്കേതിക കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ള ആറ് ഷട്ടറുകളൊഴിച്ച് ബാക്കി 21 ഷട്ടറുകള്‍ ഏത് സമയത്തും ഉയര്‍ത്താന്‍ സജ്ജമാണ് എന്നും പുഴയിലെ ജലനിരപ്പ് നിരന്തരമായി മോണിറ്റര്‍ ചെയ്ത് അക്കാര്യത്തില്‍ സമയോചിതമായ നടപടി എടുക്കുമെന്നുമാണ് എനിക്ക് ലഭിച്ച മറുപടി.

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനും നഗരസഭ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ലഭിച്ചതും സമാനമായ മറുപടി തന്നെയാണെന്ന് അവര്‍ തന്നെ താലൂക്ക്തല യോഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നിട്ടും ആവശ്യ സമയത്ത് ഉയര്‍ത്താന്‍ കഴിഞ്ഞത് 11ഓ 12 ഓ ഷട്ടര്‍ മാത്രം. ഇതിന്റെ കാരണമാണ് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കേണ്ടത്. ഉദ്യോഗസ്ഥ തലത്തിലെ ജാഗ്രതക്കുറവാണോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്നതാണ് വ്യക്തമാവേണ്ടത്. മഴ കനക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷട്ടറുകള്‍ അധികവും പല സമയങ്ങളിലായി തുറന്നിരുന്നു എന്നും നാട്ടുകാര്‍ കണ്ടിട്ടുണ്ട്.

അങ്ങനെ തുറന്ന ഷട്ടറുകള്‍ വീണ്ടും അടക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നതും വ്യക്തമാവേണ്ടതുണ്ട്. മീന്‍പിടുത്തക്കാരെ സഹായിക്കാനാണോ ഇത് ചെയ്തതെന്നാണ് നാട്ടുകാരുടെ സംശയം. എന്നാല്‍ താലൂക്ക് തല യോഗത്തില്‍ എഞ്ചിനീയര്‍ പറഞ്ഞത് പാവറട്ടി ശുദ്ധജല പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഷട്ടറുകള്‍ അടച്ച് മിനിമം വാട്ടര്‍ ലെവല്‍ ഉറപ്പു വരുത്തിയത് എന്നാണ്.

പിന്നീടുള്ള ഫ്‌ലാഷ് ഫ്‌ലഡ് കാരണം ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ വെള്ളം ഷട്ടറിന് മുകളിലേക്ക് കയറി എന്നും വിചാരിച്ച പോലെ ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നുമാണ് അസി. എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചത്. ഏതായാലും ഇക്കാര്യങ്ങളെല്ലാം ഒരു സമഗ്രമായ അന്വേഷണത്തിന് വിധേയമാവണം.

തൃത്താല സന്ദര്‍ശിച്ച മന്ത്രി എകെ ബാലനോടും ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് എഞ്ചിനീയറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി അറിയുന്നു.

വെളളിയാങ്കല്ലിന്റെ സമയബന്ധിതമായ മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് മതിയായ തുക അനുവദിക്കണമെന്ന് നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി യോഗങ്ങളില്‍ നിരന്തരമായി ആവശ്യപ്പെടാറുണ്ടെങ്കിലും സര്‍ക്കാര്‍ അനുവദിക്കുന്നത് ഒട്ടും പര്യാപ്തമായ തുകയല്ല എന്നതാണ് വാസ്തവം. നാലോളം ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചത് അതിനു താഴെയുള്ള ഏപ്രണില്‍ ഗുരുതരമായ വിള്ളല്‍ കണ്ടെത്തിയതുകൊണ്ടാണ്.

ഇത് പരിഹരിക്കുന്നതിനായി ഭീമമായ തുകയാണ് വേണ്ടത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 15 കോടി പ്രതീക്ഷിച്ചിരുന്നത് പിന്നീട് കോഴിക്കോട് എന്‍ഐടി യുടെ പഠനത്തിന് ശേഷം 20 കോടിയോളമായി ഉയര്‍ന്നു. ഈ തുക സര്‍ക്കാര്‍ അനുവദിച്ച് കേടുപാടുകള്‍ പരിഹരിച്ചാല്‍ മാത്രമേ വെള്ളിയാങ്കല്ല് പൂര്‍ണ്ണമായും സുരക്ഷിതമാവുകയുള്ളൂ.

എംഎല്‍എ എന്ന നിലയില്‍ ഞാനിത് സ്ഥിരമായി ആവശ്യപ്പെട്ട് പോരുന്നതാണ് എങ്കിലും അനുകൂല തീരുമാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവുന്നില്ല.

വെറും 13 വര്‍ഷം മാത്രം പഴക്കമുള്ള, താരതമ്യേന പുതിയ ഈ സ്ട്രക്ച്ചറിന് എങ്ങനെയാണ് ഇത്ര വലിയ കേടുപാടുകള്‍ വന്നത് എന്ന സംശയത്തിലാണ് ഇറിഗേഷന്‍ വകുപ്പ് ഒറ്റയടിക്ക് ഈ തുക അനുവദിക്കാത്തത് എന്നാണ് പട്ടാമ്പി താലൂക്കിലെ യോഗത്തില്‍ ചീഫ് എഞ്ചിനീയര്‍ സൂചിപ്പിച്ചത്.

നിര്‍മ്മാണത്തിലെ അപാകതയിലേക്കു വരെ അദ്ദേഹം വിരല്‍ ചൂണ്ടിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച വേളയില്‍ ഏപ്രണിന്റെ അപകടാവസ്ഥ ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ‘എംഎല്‍എ ആളാവാന്‍ വേണ്ടി അനാവശ്യ ആശങ്ക ഉണ്ടാക്കുകയാണ് ‘ എന്ന നിലക്കാണ് പിറ്റേന്നത്തെ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത് എന്നും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം തകര്‍ന്ന തൃത്താല ഭാഗത്തെ സംരക്ഷണഭിത്തിക്ക് 1.96 കോടി രൂപയുടെ ഫണ്ടനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

അന്നത്തെ മന്ത്രി മാത്യു ടി തോമസിനോട് അക്കാര്യത്തില്‍ നന്ദിയുമുണ്ട്. എന്നാല്‍ വകുപ്പുതലത്തിലെ നടപടിക്രമങ്ങള്‍ നീളുന്നത് കാരണം ടെണ്ടറും അഗ്രീമെന്റും എല്ലാം ആയി എങ്കിലും ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇതുകാരണമാണ് രണ്ട് ഷട്ടറുകള്‍ ഇപ്പോഴും ഉയര്‍ത്താത്തത്.

വെള്ളിയാങ്കല്ലിന്റെ ഭാവി സംരക്ഷണത്തിനു വേണ്ടി നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു സ്ഥിരം ഓഫീസും അസി.എഞ്ചിനീയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനും ഇവിടെ വേണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് ബന്ധപ്പെട്ട മന്ത്രിമാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്.

അതോടൊപ്പം ഏതാണ്ട് 20-25 കോടി ചെലവ് വരുന്ന സമഗ്ര നവീകരണവും പിന്നീടുള്ള സ്ഥിരം സിവില്‍, മെക്കാനിക്കല്‍ മെയിന്റനന്‍സും ഉറപ്പുവരുത്തണ്ടതുണ്ട്. സംരക്ഷണഭിത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ പുനര്‍നിര്‍മ്മിക്കേണ്ടതായി വരും. ഷട്ടറുകള്‍ അടക്കുന്നതിനും തുറക്കുന്നതിനും യുക്തിസഹമായ കലണ്ടറും രൂപീകരിക്കണം.

പുഴയിലെ ജലനിരപ്പ് സ്ഥിരമായി മോണിറ്റര്‍ ചെയ്യാനും അവശ്യ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോ.ഇ.ശ്രീധരനേപ്പോലുള്ളവരുടെ വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും പരിസരവാസികളുടെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണം. ഇതിനൊക്കെ വേണ്ടി കക്ഷിരാഷ്ട്രീയത്തിനതീതമായി നാട് ഒന്നിച്ചുനില്‍ക്കണം.

എല്ലാവരോടുമായി ഒരു കാര്യം മാത്രം ഓര്‍മ്മപ്പെടുത്തുന്നു, പാലക്കാടും തൃത്താലയിലുമെല്ലാം ദുരിതം ശമിച്ചിട്ടേയുള്ളൂ, പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല. മഴ കൂടുതല്‍ ശക്തമായി തിരിച്ചുവരുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ ആശങ്കക്കിടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമല്ല തല്‍ക്കാലത്തേക്കെങ്കിലും ഉണ്ടാവേണ്ടത്.’