| Sunday, 7th October 2018, 8:43 am

'മരിച്ച സി.പി.ഐ.എം എം.എല്‍.എയുടെ കാര്‍വായ്പ അടച്ച് തീര്‍ക്കാന്‍ മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി'; രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ നരണിപ്പുഴയില്‍ തോണിമുങ്ങി മരിച്ച കുട്ടികളുടെ കുടുംബത്തിനുള്ള സാഹായം രണ്ട് ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി ഉയര്‍ത്താനാവില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് കുടുംബത്തിനുള്ള സഹായം വര്‍ധിപ്പിക്കണമെന്ന എം.എല്‍.എ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന മറുപടിയെ തുടര്‍ന്നാണ് വിമര്‍ശനവുമായി എം.എല്‍.എ രംഗത്തെത്തിയത്.

Also Read ഞായറാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ്; തുലാവര്‍ഷം നാളെ ആരംഭിച്ചേക്കും; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സി.പി.ഐ.എം എം.എല്‍.എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും ബല്‍റാം ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പൊന്നാനി ചങ്ങരംകുളത്തിനടുത്ത നരണിപ്പുഴയിലുണ്ടായ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നത്.

ഈ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ചായിരുന്നു. എം.എല്‍.എ നിവേദനം നല്‍കിയത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് ഒറ്റയടിക്ക് ഈ ദുരന്തത്തിനിരകളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കിയത് 2 ലക്ഷം രൂപ വീതം മാത്രം. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നല്‍കുകയുണ്ടായി. തീര്‍ത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാന്‍ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോള്‍ മറുപടി കിട്ടിയിട്ടുണ്ട്.

എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?

Doolnews Video

We use cookies to give you the best possible experience. Learn more